“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/15/17

എന്നെ പുറത്താക്കിയ വീട്


എന്നെ പുറത്താക്കിയ വീട്

               കാലം‌തെറ്റി പെയ്യുന്ന മഴകാരണം സന്ധ്യക്കുമുൻപെ ഇരുട്ടുപരന്ന നേരത്ത് വീട്ടിൽ നിന്നും പുറത്തായത് ഞാനാണ്. പുറത്താക്കിയത് ആരാണെന്നൊ? അത് മറ്റാരുമല്ല, എന്റെ വീടുതന്നെ. ഇരുട്ടും തണുപ്പും ഇരട്ടപെറ്റതുപോലെ വരുമ്പോൾ എണ്ണിയാലൊടുങ്ങാത്ത കൊതുകുകൾ മൂളിപാട്ടിന്റെ അകമ്പടിയോടെ പറന്നുവന്ന് എന്നെ ആക്രമിക്കാൻ തുടങ്ങി. എന്തൊരു ഗതികേടാണ്? ഒട്ടൊരു ദേഷ്യത്തോടെ ഞാനെന്റെ വീടിനെ നോക്കിയപ്പോൾ വീടതാ എന്നെനോക്കി ചിരിക്കുന്നു,,,

ഉം, ചിരിക്കട്ടെ, ചിരിക്കട്ടെ,,

       ഏതാനും മിനിട്ടുമുൻപ് ഞാൻ വീടിനകത്തായിരുന്നു. നാലുമണി കഴിഞ്ഞപ്പോൾ നന്നായൊന്ന് കുളിച്ചശേഷം പുതിയതായി വാങ്ങിയ മേക്സി തലയിലൂടെ ഇട്ട് നേരെ കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്നതാണ്. ഉച്ചക്കുശേഷം ഭർത്താവ് ഏതോഒരു സാംസ്ക്കാരിക സംഘടനയുടെ മീറ്റിംഗിന് പോയിരിക്കുന്നു. നാട്ടുകാരായ ചെറുപ്പക്കാർ ചേർന്ന് റിട്ടയേർഡ് അദ്ധ്യാപകനായ അദ്ദേഹത്തെ ആദരിക്കുന്നുണ്ട്. ഞാനും റിട്ടയറായ അദ്ധ്യാപികയാണെങ്കിലും ഇപ്പോഴത്തെ പിള്ളേർ പെണ്ണുങ്ങളെ അടുക്കളക്കാരികളായല്ലെ കണക്കാക്കുന്നത്. സ്വീകരണത്തിന് പോകുമ്പോൾ അദ്ദേഹത്തിന്റെ ഭാവമൊന്ന് കാണേണ്ടതായിരുന്നു,,            
       ഇതൊക്കെ ചിന്തിച്ചിട്ടെന്ത് കാര്യം? കുടുക്കിലായത് ഞാനല്ലെ; എന്റെ വീട് എന്നെ വെളിയിലാക്കി വാതിലടച്ചു. കേൾക്കുന്നവർക്ക് നല്ല രസം തോന്നാം,, വീട്ടിലെ താമസക്കാർ അദ്ധ്യാപകരായി വിരമിച്ച വയോജനങ്ങളായ ഞങ്ങൾ ഭാര്യയും ഭർത്താവും മാത്രം. കൂട്ടുകുടുംബം മാറി അണുകുടുംബമായതിന്റെ പരിണിതഫലമായി മക്കളൊക്കെ സ്വന്തമായി വീടുവെച്ച് താമസം തുടങ്ങിയപ്പോൾ വയസ്സായ അച്ഛനും അമ്മയും ഒറ്റപ്പെട്ടുകയാണല്ലൊ. ഇഷ്ടം‌പോലെ പെൻഷൻ കിട്ടുന്ന കാലത്ത് അച്ഛനും അമ്മക്കും മറ്റെന്താണ് വേണ്ടത്? സ്വന്തം മക്കളെ മര്യാദക്ക് നോക്കാൻ നേരമില്ലാത്ത ചെറുപ്പക്കാരാണോ പ്രായമായ അച്ഛനമ്മമാരെ നോക്കുന്നത്? അത്യാവശ്യം വരുമ്പോൾ ഫോൺ ചെയ്താൽ ആനിമിഷം മക്കൾ വീട്ടിലെത്തിച്ചേരുമല്ലൊ.

             ചിന്തകൾ കാടും മലയും കയറിയിറങ്ങി നടക്കുമ്പോൾ കാര്യങ്ങൾ ഓരോന്നായി ഓർക്കാൻ തുടങ്ങി. കുളികഴിഞ്ഞ ഉടനെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ഈമെയിൽ നോക്കിയശേഷം ഫെയ്സ്‌ബുക്ക് തുറന്നതാണ്. പെട്ടെന്ന് മഴപെയ്യുമോ എന്നൊരു സംശയം,, തുറന്ന ഫെയ്സ്‌ബുക്കിൽ നോക്കുന്നതിനുമുൻപെ എഴുന്നേറ്റ് മുൻ‌വാതിലും വരാന്തയും നോക്കി. വാതിൽ തുറന്നിട്ടുണ്ടെങ്കിലും വരാന്തയിലെ ഗ്രിത്സിന്റെ വാതിൽ അടച്ചുപൂട്ടിയിരിക്കയാണ്. വീട്ടിൽ‌നിന്നും പുറത്തേക്ക് പോകുമ്പോൾ വരാന്തക്കു മുന്നിലെ ഗ്രിൽ‌സ് അടച്ചുപൂട്ടുന്ന ഭർത്താവ്, താക്കോൽ സ്വന്തം ബാഗിൽ വെക്കും. പെയിന്റടിച്ച ഇരുമ്പു കമ്പിവേലി ഉള്ളതിനാൽ അകത്തുള്ളവർക്ക് വാതിൽ തുറക്കാതെതന്നെ പുറത്തുള്ളവരുമായി ആശയവിനിമയം നടത്താമല്ലൊ. അപ്പോൾ ഞാനെങ്ങനെ വെളിയിൽ പോകുമെന്നോ? അടുക്കള വാതിൽ തുറന്നിട്ട് വർക്ക് ഏറിയയിലെ ഗ്രിൽ‌സിന്റെ കൊളുത്തുമാറ്റിയിട്ട് തുറന്ന പിൻ‌വശത്തുകൂടി വെളിയിലിറങ്ങാം. അത്യാവശ്യം വരുമ്പോൾ ഉപയോഗിക്കാനായി എന്റെ ബാഗിൽ മറ്റൊരു താക്കോൽ‌കൂട്ടം കൂടിയുണ്ട്. അങ്ങനെ ഏത് വഴിയിലൂടെയും വീട്ടിൽ നിന്ന് വെളിയിലിറങ്ങാൻ കഴിയും.  എന്നിട്ടോ?


           കുറേദിവസത്തിനുശേഷം നല്ലൊരു വെയിൽ കിട്ടിയ ദിവസമായതിനാൽ ഉണക്കാൻ‌വെച്ച പാത്രം കിണറ്റിൻ കരയിലുണ്ട്. അക്കാര്യം ഓർമ്മിച്ചുകൊണ്ട് ഞാൻ നേരെ വർക്ക് ഏറിയയിലേക്ക് നടന്നു. ഗ്രിൽ‌സിന്റെ കൊളുത്ത് ഇളക്കിയിട്ട് വാതിൽ തുറന്നശേഷം നടന്നു  പോകുന്നതിനുമുൻപ് വാതിൽ വലിച്ചടച്ചു. ഞാൻ വെളിയിൽ പോകുന്നനേരത്ത് പാമ്പോ, കീരിയോ, ഉടുമ്പോ, പൂച്ചയോ, പട്ടിയോ മറുവശത്തുകൂടി അകത്തേക്ക് ഓടിയാൽ അവനെ വെളിയിലാക്കാൻ കൊട്ടേഷൻ കൊടുക്കേണ്ടിവരും. വാതിൽ അടച്ചിട്ട് തിരിഞ്ഞുനടക്കുമ്പോൾ കേട്ടു, “ഠപ്പ്”,,, വാതിലിന്റെ കുറ്റി അകത്തുനിന്നും കുഴിയിലേക്ക് വീണു. സംശയം തോന്നിയിട്ട് വാതിൽ തുറക്കാൻ ശ്രമിച്ചു, അനക്കമില്ല. വീണ്ടും ശക്തിയിൽ വലിച്ചു,, കൈ വേദനിച്ചതല്ലാതെ വാതിലിന് ഒരു സ്ഥാനചലനവും ഉണ്ടായില്ല. അടിവശത്തുള്ള ടിൻഷീറ്റ് പൊളിക്കാതെ കുഴിയിൽ‌വീണ ഇരുമ്പുദണ്ഡ് ഉയർത്താനാവില്ല. സംഗതി മനസ്സിലായ ഞാൻ ചുറ്റിനടന്ന് വീടിന്റെ മുന്നിലേക്കുവന്ന് അകത്തേക്ക് നോക്കിയപ്പോൾ എന്റെ വീട് എന്നെയും നോക്കി.

     അകത്ത് ലൈറ്റുകളും ഫാനുകളും ഓൺ ചെയ്ത അവസ്ഥയിലാണ്; കമ്പ്യൂട്ടർ മുറിയിലും വെളിച്ചമുണ്ട്. അവിടെയിരുന്ന് ഫെയ്സ്‌ബുക്ക് തുറന്നപ്പോഴല്ലെ എഴുന്നേറ്റത്. തുറന്നുകാണുന്ന എന്റെ ചാറ്റ് ബോക്സിൽ സ്വദേശികളും പരദേശികളും ഒക്കെ കയറിവന്ന് ‘ഹായ്’ പറയുന്നുണ്ടാവും. വീട് തുറക്കാൻ കഴിഞ്ഞാലല്ലെ ഇൻ‌ബോക്സ് അടക്കാൻ കഴിയുകയുള്ളൂ. മൂന്നുതവണ വീടിനുചുറ്റും നടന്നിട്ട് ഓരോ വാതിലുകളും പരിശോധിച്ചു. എല്ലാം ഭദ്രം,, താക്കോലുണ്ടെങ്കിൽ മാത്രം തുറക്കാമെന്ന അവസ്ഥ,,, പെട്ടെന്ന് അക്കാര്യം ഓർമ്മവന്നു. താക്കോലുമായാണല്ലൊ അങ്ങേര് പോയത്, അദ്ദേഹത്തെ വിളിച്ചാൽ ഓട്ടോപിടിച്ച് പെട്ടെന്ന് വരുമല്ലൊ,,, 
പക്ഷെ,,, എങ്ങനെ വിളിക്കും???


       രണ്ട് മൊബൈൽ ഫോണും ഒരു ലാന്റ് ഫോണും സ്വന്തമായുണ്ട്,, പക്ഷെ? ഏതാനും മീറ്റർ അടുത്താണെങ്കിലും അവയെല്ലാം കൈയെത്താത്ത അകലങ്ങളിലാണ്. സ്വന്തം മൊബൈൽ കൈയിലുള്ളപ്പോൾ എനിക്കെന്തൊരു അഹങ്കാരം ആയിരുന്നു,, എന്ത് പ്രശ്നം ഉണ്ടായാലും 100ൽ വിളിക്കാം, 101ൽ വിളിക്കാം, 1515ൽ വിളിക്കാം,, എന്നിട്ടിപ്പോൾ?? ഒന്നുമില്ലാത്ത അവസ്ഥയായി. അങ്ങനെയങ്ങ് തോറ്റുകൊടുക്കാമോ? എന്റെ കൈയിലില്ലെങ്കിലെന്താ,, അയൽ‌വാസികൾക്ക് മൊബൈൽ ഉണ്ടല്ലൊ. മൊബൈൽ വന്നപ്പോൾ എന്റെ അയൽ‌പക്കബന്ധം വർദ്ധിച്ചിരിക്കയാണ്. മിക്കവാറും അയൽക്കാരെ ഞാൻ ഫോൺ ചെയ്യാറുണ്ടല്ലൊ,, എങ്ങെനെയെന്നോ?

“സുശീലെ നിന്റെ വീട്ടിൽ ടീവി കിട്ടുന്നുണ്ടോ?”

“സാവിത്രിയെ രണ്ട് തക്കാളി കടം തരാനുണ്ടോ?”

“കുഞ്ഞിപ്പാത്തുമ്മെ കോഴിമുട്ടയുണ്ടോ?”

അപ്പോൾ അയൽക്കാർ ശരണം ഗച്ഛാമി,,,


           മുറ്റത്തുനിന്നും ഇറങ്ങിനടന്ന ഞാൻ മതില് കയറിയും ഇറങ്ങിയും തൊട്ടടുത്തുള്ള സുശീലയുടെ വീട്ടിലെത്തി. നേർ‌വഴിയുലൂടെ നടന്നാൽ മറ്റുള്ള വീട്ടുകാർ കാണാനിടയുണ്ട്. ഇതാകുമ്പോൾ മറ്റാരും കാണാതെ മതിലുചാടുന്ന വഴിയാണ്. വടക്കുഭാഗത്ത് എത്തിയ ഞാൻ കിണറ്റിൻ കരയിലൂടെ വീടിന്റെ മുന്നിലെത്തിയിട്ട് നോക്കിയപ്പോൾ വാതിൽ അടഞ്ഞിരിക്കുന്നു. കോളിം‌ഗ് ബെൽ അടിച്ചപ്പോൾ മറുപടി പറഞ്ഞത് അടുത്ത വീട്ടിലെ മുബീനയാണ്,

“ടീച്ചറെ അവിടെയാരും ഇല്ല, അവരെല്ലാം മെഡിക്കൽ‌‌‌ കോളേജിൽ പോയിരിക്കയാ,, ആരെയോ കാണാൻ,,
ഇനി രാത്രിയിലെ വരൂ,”

“ആകെ പ്രശ്നമായല്ലൊ”

“ടീച്ചർക്കെന്നാ അർജന്റ്? അവരുടെ നമ്പറില്ലെ?”

“നമ്പറൊക്കെ ഉണ്ട്, മോളേ നീയിങ്ങോട്ട് വാ?”

കരയുന്ന കുഞ്ഞിനെയും എടുത്ത് വരുന്നവളോട് ഞാൻ ശബ്ദം താഴ്ത്തിയിട്ട് പറഞ്ഞു,

“നിന്റെ മൊബൈലൊന്ന് താ,, അതാണർജന്റ്”

“അത് ഞാൻ തരാം,, ഉമ്മാ എന്റെ മൊബൈലെടുത്തിട്ട് ഇങ്ങോട്ട് വാ”

“നീ ഉമ്മയെ വിളിച്ചിട്ട് ഒച്ചയാക്കല്ല,, ആളുകൾ അറിയണ്ട”

മൊബൈലുമായി വരുമ്പോൾ നബീസുമ്മ ചോദിച്ചു,

“ടിച്ചറെ വീടിന്റെ അകത്ത് കയറിക്കൂടെ? എന്താ പറ്റിയത്? ചാർജ്ജില്ലെ”

“അതൊക്കെ പിന്നെപ്പറയാം,, ഞാനൊന്ന് മാഷെ വിളിക്കട്ടെ”

എപ്പോഴും ഓർമ്മയുള്ള നമ്പർ ഡയൽ ചെയ്ത് ഭർത്താവിനെ വിളിച്ചു,

“ഹലോ, വീട് തുറക്കാൻ പറ്റുന്നില്ല,, താക്കോലുമായി നിങ്ങളൊന്ന് വേഗം വരണം?”

മൈക്കിന്റെ ശബ്ദ കോലാഹലങ്ങൾക്കിടയിൽ അങ്ങേർ മറുപടി പറഞ്ഞു,

“ഞാനിവിടെ മീറ്റിങ്ങിലാണെന്ന് അറിയില്ലെ? വീട് തുറക്കാൻ പറ്റില്ലെന്നോ,,  എന്തിനാ തുറക്കുന്നത്? അകത്തുതന്നെ നിന്നാൽ മതി”

“ഞാനിപ്പോൾ വീടിന്റെ പുറത്താണ്”

മുഴുവൻ കേൾക്കുന്നതിനുമുൻപ് കോൾ കട്ടായി. പുറത്തായ ഞാൻ അകത്താണെന്ന് പറയുന്ന കെട്ടിയവൻ!

“എന്തുപറ്റി ടീച്ചറെ? മാഷ് വരുമോ?”

“ഒന്നും പറ്റിയില്ല, വീടിന്റെ പിന്നിലെ വാതിൽ അടച്ചപ്പോൾ അത് അകത്തുനിന്ന് ലോക്കായി. എന്റെ മൊബൈലൊക്കെ അകത്താണ്. ഇനി മുൻ‌വശത്തെ താക്കോൽ കൊണ്ടുവന്നിട്ടു വേണം വാതിൽ‌തുറന്ന് അകത്തുകയറാൻ,, അതിപ്പോൾ കൊണ്ടുവരും”

നബീസുമ്മയുടെ കൈയിൽ മൊബൈൽ കൊടുത്തിട്ട് വന്നവഴിയെ ഞാൻ നടന്നു.


           ഒരുവട്ടം കൂടി വീടിനുചുറ്റും നടന്നപ്പോൾ എനിക്ക് പലതും തോന്നാൻ തുടങ്ങി. വിളിച്ചാൽ കേൾക്കുന്നിടത്ത് ആശാരിപ്പണി ചെയ്യുന്നവരുടെ വീടാണ്. മൂന്നു മിനിട്ട് തെക്കോട്ട് നടന്നാലും വടക്കോട്ട് നടന്നാലും ഓരോ വർക്കുഷാപ്പിൽ എത്താം. ഒരിടത്ത് മരപ്പണിയാണെങ്കിൽ മറ്റൊരിടത്ത് ഇരുമ്പു പണിയാണ്. അങ്ങോട്ടുപോയി ആരെ വിളിച്ചാലും പ്രശ്നം പരിഹരിക്കാം.  പക്ഷെ??

           സംഗതി ആളറിഞ്ഞാൽ നാണക്കേടല്ലെ,, അതുമാത്രമോ? വീട്ടുകാരൻ അറിഞ്ഞാൽ എന്നെ വഴക്കുപറഞ്ഞ് കൊല്ലും. വീടിന്റെ വിശാലമായ മുറ്റത്തിന്റെ തെക്കുഭാഗം കാറില്ലാത്ത കാർ‌പോർച്ചാണ്. അവിടെ വിറകുകളും ഇരുമ്പ് ദണ്ഡുകളും ഉണ്ട്. അതിലൊന്ന് കൈയിലെടുത്ത് വാതിലിന്റെ അടിവശത്തെ ടിൻ ഷീറ്റ് അടിച്ചുപൊട്ടിച്ചാലോ? പറ്റില്ല, ശബ്ദം‌ കേൾക്കുന്ന നാട്ടുകാർ കള്ളന്മാരു‌ണ്ടെന്ന് കരുതിയിട്ട് പോലീസിനെ വിളിക്കാനിടയുണ്ട്. വിറകുകൂനയുടെ മുന്നിലായി ചൂരൽ‌കൊണ്ടുള്ള ഊഞ്ഞാലുണ്ട്. മേൽ‌ക്കൂരയിൽ നിന്നും തൂങ്ങിക്കിടക്കുന്ന ഊഞ്ഞാലിൽ ഞാനിരുന്നു. കൊതുകുകൾ മൂളിപ്പാട്ട് പാടിക്കൊണ്ട് ചോരകുടിക്കാൻ വരുമ്പോൾ ഊഞ്ഞാലാട്ടത്തിന്റെ വേഗത വർദ്ധിച്ചു.


              ചുറ്റും പടരുന്ന ഇരുട്ട് സന്ധ്യവിളക്ക് കത്തിക്കാറായെന്ന് അറിയിച്ചു. ഇന്നിനി വിളക്കു കത്തിക്കാനാവുമോ? അതിലും പ്രധാനപ്പെട്ട മറ്റൊരുകാര്യമുണ്ട്. മരുന്ന് കഴിക്കണം,, ഓരോ ദിവസവും മുന്നോട്ട് പോകാൻ കൃത്യമായ അളവിൽ മരുന്ന് കഴിക്കേണ്ട എന്റെ സമയമാണ് വൈകുന്നേരത്തെ ആറുമണി,, അതെന്ത് ചെയ്യും? മരുന്ന് പോയിട്ട് വൈകുന്നേരത്തെ ചായപോലും കുടിച്ചിട്ടില്ല. അകത്തുകടന്ന് ചായ ഉണ്ടാക്കിയിട്ടുവേണ്ടെ കുടിക്കാൻ! അസഹനീയമായ വിശപ്പും ദാഹവും ദേഹമാസകലം എരിപൊരി സഞ്ചാരം നടത്തുമ്പോൾ എന്റെ വീട് എന്നെനോക്കി ചിരിച്ചു.

           പക്ഷികളുടെ കലപിലശബ്ദം വർദ്ധിച്ചു വരികയാണ്. ചുറ്റുപാടുമുള്ള ചെടികളിൽ ഉറങ്ങാൻ വരുന്നവരാണ്,, ബുൾ‌ബുൾ, ഓലേഞ്ഞാലി, തുന്നാരൻ, മണ്ണാത്തിക്കിളി, എന്നിവയോടൊപ്പം കരിയിലക്കിളികളുടെ കൂട്ടവും ഉണ്ട്. മരച്ചില്ലകളിൽ മാറിമാറി പറന്നിറങ്ങിയിട്ട് അവർ സന്ധ്യാനേരത്തെ വരവേൽക്കുകയാണ്. മണ്ണാത്തിക്കിളികളിലൊന്ന് എന്റെസമീപം വന്ന് തുറിച്ചുനോക്കാൻ തുടങ്ങി. ഇങ്ങനെയൊരു ജന്തുവിനെ ഈ നേരത്ത് കണ്ടതുകൊണ്ടാവണം, പെട്ടെന്ന് ബഹളം‌കൂട്ടി മറ്റുള്ളവരെ അറിയിച്ചതോടെ പറവകളെല്ലാം നിശബ്ദമായി എങ്ങോട്ടോ പോയൊളിച്ചു.  ഇനിയിപ്പോൾ രാത്രീഞ്ചരന്മാരായ ജന്തുക്കളുടെ വരവ് തുടങ്ങും,, പെരിച്ചാഴി, മരപ്പട്ടി, പാമ്പ്, എലി, കുറുക്കൻ തുടങ്ങി ആരൊക്കെയാവും വരുന്നത്!


       എന്റെ മനസ്സാകെ കലങ്ങിമറിയുകയാണ്; ഏതാനും മണിക്കൂർ സ്വന്തം വീട്ടിൽ‌നിന്നും പുറത്തായി എന്നത് അംഗീകരിക്കേണ്ട അനുഭവമായി മുന്നിൽ വന്നിരിക്കുന്നു. അപ്പോൾ വീട്ടിൽ‌നിന്നും നാട്ടിൽ‌നിന്നും പുറത്താക്കപ്പെട്ടവരുടെ മനോവ്യാപാരം എന്തായിരിക്കും? ഇരുട്ടിന്റെ കട്ടി കൂടിവരികയാണ്,, വലിയൊരു പ്രശ്നം ഫോൺ ചെയ്ത് അറിയിച്ചിട്ടും അങ്ങേർക്ക് പെട്ടെന്ന് വരാൻ തോന്നിയില്ലല്ലൊ. അഞ്ചുമണിക്ക് തീരേണ്ട പരിപാടി ഏഴ് മണിയായിട്ടും തീർന്നില്ലെ? പറഞ്ഞിട്ടെന്താ, കുറ്റമൊക്കെ എനിക്കായിരിക്കുമല്ലൊ. വാതിൽ അടക്കുമ്പോൾ ശ്രദ്ധിക്കാതിരുന്നാൽ അനുഭവിക്കണം, എന്നായിരിക്കും പറയുന്നത്. കൊതുകുകടി അസഹനീയമായപ്പോൾ ഊഞ്ഞാലിൽ അമർന്നിരുന്ന് വീണ്ടും ആട്ടം തുടങ്ങി.     

           വീടിനകത്ത് വെളിച്ചം നിറഞ്ഞിരിക്കയാണ്, ഫാൻ ശക്തമായി കറങ്ങുന്നുണ്ട്. ഫെയ്സ്‌ബുക്ക് ഇപ്പോഴും തുറന്നു കിടക്കുന്നുണ്ടാവും,, അതങ്ങിനെ കിടക്കട്ടെ, കമന്റും ലൈക്കും നിറയട്ടെ. പരിസരം ഇരുട്ടായതോടെ അകലെയുള്ള റോഡിൽ തെരുവുവിളക്ക് പ്രകാശിക്കാൻ തുടങ്ങി.

              പെട്ടെന്ന് ഗെയ്റ്റ് തുറക്കുന്ന ശബ്ദം, ഹോ അദ്ദേഹം വന്നല്ലൊ. സാധാരണ ഓട്ടോപിടിച്ച് വരുന്നആൾ പതുക്കെ നടന്നുവരുന്നു! അപ്പോൾ എന്റെ വീട് എന്നെ പുറത്താക്കിയതൊന്നും അങ്ങേർക്ക് പ്രശ്നമല്ല. മുറ്റത്തെത്തിയപ്പോൾ കേട്ടു,

“അതെങ്ങനെയാ വാതിൽ അടഞ്ഞുപോകുന്നത്? അങ്ങനെ ഉണ്ടായാലും മറ്റൊരു വീട്ടിൽ പോയിട്ട് വിളിക്കണോ? ഞാൻ വന്നിട്ട് വാതിൽ തുറന്നാൽ പോരെ?”

“എത്ര സമയമായി മുറ്റത്തിരിക്കുന്നത്?”

“ഇരിക്കണം,, ഒരു ശ്രദ്ധയുമില്ലാതെ വാതിലടച്ചാൽ ഇനിയും ഇരിക്കണം. അതിന് നാട്ടുകാരെ അറിയിക്കണോ?”

അപ്പോൾ ഇത്രയും നേരത്ത് അനുഭവിച്ചതെല്ലാം എനിക്കുമാത്രം,, എന്റേതുമാത്രം,,, ഞാൻ പറഞ്ഞു,

“നിങ്ങളെയും പുറത്താക്കിയിട്ട് ഒരുദിവസം ഈ വീട് വാതിലടക്കും, അപ്പോൾ നിങ്ങളും അറിയും”

******* 
പിൻ‌കുറിപ്പ്:
എന്റെ അനുഭവം അന്നുരാത്രിതന്നെ ചൂടാറുന്നതിനുമുൻപ് എഴുതി വയോജനശബ്ദം മാസികക്ക് അയച്ചുകൊടുത്തപ്പോൾ നവമ്പർ ലക്കത്തിൽ അച്ചടിച്ചു വന്നത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

3 comments:

  1. അനുഭവം അന്നുരാത്രിതന്നെ ചൂടാറുന്നതിനുമുൻപ് എഴുതി വയോജനശബ്ദം മാസികക്ക് അയച്ചുകൊടുത്തപ്പോൾ നവമ്പർ ലക്കത്തിൽ അച്ചടിച്ചു വന്നത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

    ReplyDelete
  2. കഥ കൊള്ളാം. അൽപ്പം ഒതുക്കക്കുറവുണ്ടോ എന്നൊരു തോന്നൽ. ആദ്യത്തെ ഖണ്ഡികയിൽ വീട് പുറത്താക്കി , ചിരിക്കട്ടെ ചിരിക്കട്ടെ എന്ന് പറഞ്ഞപ്പോൾ മറ്റൊരു തലം പ്രതീക്ഷിച്ചു, തുടർന്ന് ഒരു വിവരണം അനുഭവപ്പെട്ടു. സ്ത്രീയെ വീട്ടുകാരി ആക്കുന്ന കാര്യങ്ങളൊക്കെ നന്നായി അവതരിപ്പിച്ചു. കൊള്ളാം.

    ReplyDelete
  3. അന്നൊക്കെ മാസികളിലെ എഴുത്തുകാരിയായി മാറിയിരുന്നു അല്ലെ

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..