“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/27/10

ഭാഗ്യം വരുന്ന വഴികൾ

അന്ന് രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ ഭാര്യ ഓർമ്മിപ്പിച്ചു,
“വൈകിട്ട് നേരത്തെ വരണം, ഇന്നെങ്കിലും മോനെയൊന്ന് ഡോക്റ്ററെ കാണിക്കണം”
“നിനക്കെന്താ അവനെയും കൂട്ടി ഡോക്റ്ററടുത്തേക്ക് പോയിക്കൂടെ? എല്ലാവീട്ടിലും അമ്മയാണല്ലൊ മക്കളെയുംകൂട്ടി നടക്കുന്നത്”
“എനിക്ക് പോകാൻ പ്രയാസമൊന്നും ഇല്ല, പിന്നെ മക്കളുടെ എല്ലാ കാര്യത്തിനും ഇവിടന്ന്‌തന്നെ പോകുന്നതല്ലെ; പിന്നെ ഇതിനായിട്ട് മാത്രം ഞാനെന്തിനാ പോകുന്നത്?”

                      സംഭവം ശരിയാണ്; അടുക്കള ഒഴികെ, വീട്ടിലെ എല്ലാ കാര്യവും മറ്റാർക്കും വിട്ടുകൊടുക്കാത്ത ഗൃഹനാഥൻ, സ്വന്തം മകനെ ഡോക്റ്ററെ കാണിക്കുന്ന കാര്യം‌മാത്രം എന്തിനാണ് ഭാര്യയെ ഏല്പിക്കുന്നത്? പത്താം തരം പഠിക്കുന്നവന്,, എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ മൂന്ന് മാസമുള്ളപ്പോൾ,,, ചെവി വേദനവന്നാൽ ഇ.എൻ.ടി. യെ കൺസൽട്ട് ചെയ്യാതിരിക്കാൻ പറ്റുമോ?

                       ഇതുവരെ കുളിമുറിക്ക് പുറത്ത്‌പോയി കുളിക്കാത്തവൻ ഒരാഴ്ചമുൻപ് നീന്തൽ പഠിക്കാൻ പോയതാണ്. പുഴ പോയിട്ട് ഒരു കൈത്തോട് പോലും കാണാത്ത മകൻ പുഴയിലെ മലിനജലത്തിൽ കുളിച്ചതുകൊണ്ടാവണം രണ്ട് ദിവസമായി ജലദോഷവും ചെവി വേദനയും. ചുക്ക്കാപ്പി കുടിപ്പിച്ചപ്പോൾ ജലദോഷത്തിന് ശമനമുണ്ടെങ്കിലും ചെവിയുടെ വേദനക്ക് ഒരു കുറവുമില്ല. വേദന സഹിച്ചുകൊണ്ടായാലും അവൻ സ്ക്കൂളിൽ ഹാജരാവാവുന്നുണ്ട്.
,,,
                       വൈകുന്നേരം മകനോടൊപ്പം ഡോക്റ്ററുടെ കൺ‌സൽട്ടിംഗ്‌ റൂമിന് മുന്നിലിരിക്കുമ്പോൾ അയാളുടെ ചിന്തകൾ സ്വന്തം മകനെക്കുറിച്ച്‌മാത്രം ആയിരുന്നു. പഠനത്തിൽ D+ മാത്രം വാങ്ങി യോഗ്യത തെളിയിക്കുന്ന ഇവന്റെ ഭാവി എന്തായിരിക്കും? ഇനിയുള്ള കാലത്ത് ഒരു ജോലി, ‘അതും സർക്കാർ ജോലി’ എന്നത് വെറും സ്വപ്നമായി മാറുകയാണ്. കാലം കഴിയുന്തോറും തൊഴിലില്ലാപ്പട പെരുകുകയാണ്.
“ടോക്കൻ നമ്പർ 67”
                      അയാൾ എഴുന്നേറ്റ് മകനെ മുന്നിൽ നടത്തിക്കൊണ്ട് ഡോക്റ്ററുടെ മുറിയിലേക്ക് കടന്നു, പിന്നിൽ വാതിലടഞ്ഞു. പ്രശ്നങ്ങൾ പറഞ്ഞപ്പോൾ ഡോക്റ്റർ മകന്റെ ചെവി വിശദമായി പരിശോധിച്ചു, സംശയം തോന്നിയപ്പോൾ വീണ്ടും വീണ്ടും പരിശോധിച്ചു. ഒടുവിൽ,
“നിങ്ങൾ ഇവന്റെ അച്ഛനല്ലെ?”
“അതെ?”
“ഈ കുട്ടിയുടെ ഒരു ചെവിയിൽ അണുബാധയുണ്ട്. പിന്നെ ഇപ്പോൾ‌തന്നെ രണ്ട് ചെവിക്കും ചെറിയതോതിൽ കേൾവിക്കുറവും ഉണ്ട്,,, ഇതൊന്നും ഇത്രയും‌കാലം മനസ്സിലാക്കിയിട്ടില്ലെ?”
“ഇതുവരെ ഒരു പ്രശ്നവും തോന്നിയിട്ടില്ല”
“അതുകൊണ്ട്,,,”
ഡോക്റ്റർ നിർത്തിയപ്പോൾ അയാൾക്ക് ആകെ പേടിയായി.
“ചെവിക്ക് ഒരു ചെറിയ ഓപ്പറേഷൻ ചെയ്താൽ ചിലപ്പോൾ ശരിയാവും, അല്ലെങ്കിൽ കുറച്ചുകൂടി കഴിഞ്ഞാൽ രണ്ട് ചെവിയും കേൾക്കാതാവും”
“അയ്യോ, ഇതുവരെ അറിഞ്ഞില്ല,,,”
“ഓപ്പറേഷൻ ചെയ്യുന്നതല്ലെ നല്ലത്?,,,”
അല്പസമയം ആലോചിച്ചശേഷം അയാൾ ഡോക്റ്ററോട് ചോദിച്ചു,
“ഓപ്പറേഷൻ ചെയ്താൽ സുഖപ്പെടും എന്നത് 100% ഉറപ്പാണോ?”
“അങ്ങനെ ഉറപ്പൊന്നും തരാൻ പറ്റില്ല, എന്നാലും,,,”
“ഡൊക്റ്റർ ചെവിക്ക് ഓപ്പറേഷനൊന്നും ചെയ്യണ്ട, എനിക്ക് ഒരു ഉപകാരം‌ മാത്രം ചെയ്തുതന്നാൽ മതി”
“എന്താണ്?”
“ഇവന്റെ ചെവിക്ക് കേൾവിക്കുറവുണ്ടെന്ന് ഒരു സർട്ടിഫിക്കറ്റ് തന്നാൽ മതി; എത്ര പണം വേണമെങ്കിലും ഞാൻ തരാം”
ഡോക്റ്ററും മകനും ആശ്ചര്യപ്പെട്ട് അച്ഛനെ നോക്കി. എന്നാൽ അച്ഛൻ പരിസരം മറന്ന് സ്വപ്നം കാണുകയാണ്,,
ആ സ്വപ്നത്തിൽ,,,
‘സർക്കാർ ഓഫീസിലെ ഒരു കസാരയിൽ മകൻ ഇരിക്കുകയാണ്’.

12/11/10

ആരാദ്യം വിളിക്കും?

                            തിരക്ക്പിടിച്ച ദിവസത്തിനുശേഷം കൺ‌സൽട്ടിംഗ്‌റൂം അടക്കാൻ നേരത്ത് കൌൺസിലിങ്ങിനായി വന്ന സ്ത്രീകൾ അമ്മയും മകളും ആയിരിക്കാം. തന്റെ മുന്നിലിരിക്കുന്ന സുന്ദരികളായ രണ്ട് സ്ത്രീകളെയും ഡോക്റ്റർ മദനമോഹന ആചാര്യ ദാസ്(mad) അല്പനേരം നോക്കി, പിന്നെ കാര്യം ഊഹിച്ചു; 
...പ്രശ്നം വിവാഹപ്രായമായ മകളുടെ പ്രേമം ആയിരിക്കും. പാവപ്പെട്ട ഏതെങ്കിലും പയ്യനെ ‘പുളിങ്കൊമ്പ് സോഫ്റ്റ്‌വെയർ’ ആണെന്ന് കരുതി മനസ്സിന്റെ ഉള്ളറകളിൽ മകൾ ഇൻസ്റ്റാൾ ചെയ്തിരിക്കും. എന്നാൽ മകളുടെ അമ്മ, അവനൊരു ‘വൈറസ്’ ആണെന്ന് തിരിച്ചറിഞ്ഞ് ഡിലീറ്റ്‌ആക്കാൻ ശ്രമിക്കുന്നുണ്ടാവണം.
... അദ്ദേഹം അവരുടെ ഓരോ പോയിന്റും നിരീക്ഷിക്കാൻ തുടങ്ങി,
                        സുന്ദരിയായ ആ അമ്മയെ നോക്കിയിരിക്കെ ആ മനഃശാസ്ത്രജ്ഞന്റെ മനസ്സ് ബോധതലത്തിൽ നിന്ന് അബോധതലത്തിലേക്ക് നീങ്ങി അജ്ഞാതമായ ഏതോ തീരത്തേക്ക് പ്രയാണം ആരംഭിച്ചു. ‘ഏതാനും വർഷം മുൻപ് ഈ സുന്ദരിയെ കണ്ടെങ്കിൽ താനവളെ പ്രേമിച്ച്, പ്രേമിച്ച്, പ്രേമിച്ച്,,, പിന്നെ,,,?
,,,പിന്നെ കല്ല്യാണം കഴിച്ച് നശിപ്പിച്ചേനെ.
അങ്ങനെയാണെങ്കിൽ ഈ മകൾ തന്റെ മകളായി ജനിച്ചിരിക്കും’.
പിന്നീട് മകളെ നോക്കിയതോടെ അബോധതതലത്തിൽ യാത്രചെയ്യുന്ന അദ്ദേഹത്തിന്റെ മനസ്സ് പതുക്കെ സ്വന്തം ദേഹത്ത് തിരിച്ച്‌കയറി ഇരിപ്പുറപ്പിച്ചു.

സ്വന്തം കൈയിലെ പേന ഒരു മാന്ത്രികദണ്ഡ്‌പോലെ ചുറ്റിയിട്ട് അദ്ദേഹം അവരോട് ചോദിച്ചു,
“ആദ്യം പരിചയപ്പെടുത്തുക, പിന്നെ പ്രശ്നം പറയുക”
പെട്ടെന്ന് കൂട്ടത്തിൽ മുതിർന്ന സ്ത്രീ പറയാൻ തുടങ്ങി,
“ഡോക്റ്ററെ ഞാൻ ഇവളുടെ അമ്മയാണ്; ഇത് എന്റെ മകൾ, പ്രശ്നം,,,,”
അവർ മകളെ നോക്കിയശേഷം ഡോക്റ്ററെയും നോക്കി.
സൂചന മനസ്സിലാക്കിയ ഡോക്റ്റർ മകളോട് പുറത്തു പോകാൻ ആഗ്യം കാട്ടിയപ്പോൾ മകൾ എതിർത്തു,
“അതൊന്നും ശരിയാവില്ല, ഞാൻ കേൾക്കാതെ ഒരു പ്രശ്നവും ഇവിടെ പറയേണ്ട”
അത് കേട്ട് ഡോക്റ്റർ പറയാൻ തുടങ്ങി,
“അമ്മക്ക് പലതും പറയാനുണ്ടാവും; അമ്മ പറയുന്നത് കേട്ടാലല്ലെ എനിക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ; പിന്നെ മകൾക്ക് പറയാനുള്ളത് അമ്മയെ ഔട്ടാക്കിയശേഷം പറയാം”
പെട്ടെന്ന് മകളുടെ ഭാവം മാറി, മുഖം ചുവന്ന് ചുണ്ടുകൾ വിറച്ച് ഡ്യൂപ്ലിക്കേറ്റ് ഭദ്രകാളിയായി മാറിയ അവൾ വായിലൂടെ വെടിയുണ്ട ഉതിർക്കാൻ തുടങ്ങി,
“ഞാനറിയാത്ത ഒരു കാര്യവും ഇവിടെ പറയില്ല എന്ന് ആദ്യമേ പറഞ്ഞതാ, അങ്ങനെ എന്നെപ്പറ്റി പറയാൻ ഞാനൊട്ട് സമ്മതിക്കില്ല”
ആദ്യവെടി കൊണ്ടപ്പോൾ‌തന്നെ, അവളുടെ പിടിവാശിക്ക് മുന്നിൽ ഡോക്റ്റർ പരാജയപ്പെട്ടു, ഒരു മനഃശാസ്ത്രജ്ഞനായിട്ടും പെണ്ണിന്റെ വാശിക്ക് മുന്നിൽ അടിയറവ് പറയുന്നത് ഇവിടെ പതിവാണ്,
“ശരി, നിന്റെ ഇഷ്ടം പോലെയാവട്ടെ, എന്നാൽ അമ്മ പറഞ്ഞുതീരുന്നതുവരെ മകളും മകൾ പറഞ്ഞുതീരുന്നതുവരെ അമ്മയും ശബ്ദിക്കാൻ പാടില്ല, അങ്ങനെ സമ്മതിച്ചാൽ മാത്രമേ നിങ്ങളുടെ പ്രശ്നം കൺസൽട്ട് ചെയ്യുകയുള്ളു”
“ശരി സമ്മതിച്ചു”
രണ്ട്‌പേരും ഒന്നിച്ച് പറഞ്ഞു; പിന്നെ അമ്മ തുടർന്നു,
“എന്റെ ഡോക്റ്ററെ ഇവളെന്റെ മകളാണ്”
“അതൊരിക്കൽ പറഞ്ഞല്ലൊ, അതാണൊ നിങ്ങളുടെ പ്രശ്നം?”
“അതാണ് ഞാൻ പറയുന്നത്, ഇവൾക്കിപ്പോൾ വിവാഹാലോചനകളെല്ലാം വന്നുകൊണ്ടിരിക്കയാ. മറ്റൊരു വീട്ടിൽ പോകേണ്ടവളല്ലെ, തീരെ അനുസരണയില്ല,”
“അത് ഞാൻ,,,”
പെട്ടെന്ന് ഇടയ്ക്ക് കയറിയ മകളെ ഡോക്റ്റർ തടഞ്ഞു.
“അമ്മക്ക് തുടരാം,,,”
“ഡോക്റ്ററെ, എനിക്ക് ആകെയുള്ള ഒരു മകളാണിവൾ; എന്നിട്ട് അടുത്തകാലത്തായി ഒരിക്കൽ‌പോലും എന്നെ, ‘അമ്മെ’ എന്ന് വിളിച്ചിട്ടില്ല”
പെട്ടെന്ന്,,, വളരെപെട്ടെന്ന് മകൾ ചാടിയെഴുന്നേറ്റ് ശബ്ദമുയർത്തി പറയാൻ തുടങ്ങി,
“ഈ അമ്മക്കെന്താ എന്നെ ‘മോളേ’ എന്നൊന്ന് വിളിച്ചാൽ? എന്നെ പ്രസവിച്ച അമ്മയല്ലെ ആദ്യം എന്നെ വിളിക്കേണ്ടത്? അതുകൊണ്ട് ഞാനും വിളിക്കുന്നില്ല,”
,,, അമ്മയും ഡോക്റ്ററും ഒന്നിച്ച് ഞെട്ടി, വീണ്ടും വീണ്ടും ഞെട്ടി,
ഞെട്ടലിന്റെ ഒടുവിൽ ഡോക്റ്റർ അമ്മയോട് ചോദിച്ചു,
“അപ്പോൾ അമ്മയായ നിങ്ങൾ സ്വന്തം മകളെ ഇതുവരെ ‘മോളേ എന്നൊന്ന് വിളിക്കാതെ’; പിന്നെന്താ ഇതുവരെ വിളിച്ചത്?”

ഒരു നിമിഷം അമ്മയുടെ തല കുനിഞ്ഞു, അവർ ഓർക്കാൻ തുടങ്ങി; 
‘കുട്ടിക്കാലത്ത് പിച്ചവെച്ച് നടക്കുന്ന പ്രായത്തിനു ശേഷം എപ്പോഴെങ്കിലും മോളെ എന്ന് വിളിച്ചിട്ടുണ്ടോ?
മകൾ മുതിർന്നപ്പോൾ വിളിക്കുന്നത് പോയിട്ട് അവളുമായി നേരാം‌വണ്ണം ഒന്ന് സംസാരിച്ചിട്ടുണ്ടോ?
ഇത്തിരി സ്നേഹം അവൾക്കായി കൊടുത്തിട്ടുണ്ടോ?’
കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയം തലയും വാലും ഛേദിച്ച വാക്കുകൾ മാത്രമായിട്ട് നാളുകൾ ഏറെയായി. വീട് എന്നത് അശാന്തിയുടെ താവളമായി മാറുകയാണ്, എന്നാലും,,,
“നിങ്ങൾ വീട്ടിലായിരിക്കുമ്പോൾ മകളെ വിളിക്കുന്നത്‌പോലെ ഇവിടെവെച്ച് ഒന്ന് വിളിച്ചാട്ടെ?”
ഡോക്റ്ററുടെ വാക്കുകൾ അമ്മയുടെ ഹൃദയത്തിന്റെ മർമ്മസ്ഥാനത്ത് വീണ്ടും വീണ്ടും പരിക്കേല്പിക്കാൻ തുടങ്ങി.
മകളെ വിളിക്കുന്നത് അവളുടെ പേര് പറഞ്ഞാണോ?
എടീ എന്നാണോ?
അടുത്തകാലത്ത് എപ്പോഴെങ്കിലും അവളെ വിളിച്ചിട്ടുണ്ടോ?
അമ്മ ആകെ കൺഫ്യൂഷനിലായി,,,
‘വീട്ടിലെപോലെ ഇവിടെന്ന് എങ്ങിനെ വിളിക്കും???’
ഒരക്ഷരം‌പോലും സംസാരിക്കാനാവാതെ ആ അമ്മ ഡോക്റ്ററെ തുറിച്ചുനോക്കി.
“ഒരു മകൾക്ക് താങ്ങും തണലും ആവേണ്ടത് അവളുടെ അമ്മയാണ്. പെൺ‌കുട്ടികൾ പ്രായമാവുമ്പോൾ അവളുടെ എല്ലാ കാര്യങ്ങളും അമ്മ അറിയണം. അതെങ്ങനെയാ?  ഉള്ളനേരത്ത് കണ്ണീൽ സീരിയൽ കാണാനും റിയാലിറ്റിഷോ കണ്ട് കണ്ണീരൊഴുക്കാനുമല്ലാതെ അമ്മക്ക് മകളെ നോക്കാനും സ്നേഹിക്കാനും നേരം കാണില്ലല്ലൊ. ഇപ്പോൾ ഇവിടെവെച്ച് നിങ്ങൾ നിങ്ങളുടെ മകളെ ഒന്ന് വിളിച്ചാട്ടെ”
“അത് പിന്നെ,,,”
ഡോക്റ്റർക്ക് ദേഷ്യം വരാൻ തുടങ്ങി, മറ്റുള്ളവരുടെ മനസ്സിനെ നിയന്ത്രിക്കുന്നവനും സ്വന്തം മനസ്സ് നിയന്ത്രിക്കാൻ ആവാത്തവനും ആയ ഡോക്റ്റർ കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു,
“ഇത് നിങ്ങളുടെ മകളല്ലെ?”
“അതേ”
“നിങ്ങൾ ഈ നിമിഷം‌തന്നെ ‘മകളെ’ എന്ന് വിളിക്കുന്നോ? അതോ,,,, ഞാൻ,,,”
ഭയന്നുപോയ അമ്മ ഇരിപ്പിടത്തിൽ‌നിന്ന് ഞെട്ടി എഴുന്നേറ്റു, അവർ ഉച്ചത്തിൽ വിളിച്ചു,
“മോളേ,,,,”
“അമ്മേ,,,,”
മകൾ കൂടുതൽ ഉച്ചത്തിൽ അമ്മയെ വിളിച്ചതോടെ ആവേശപൂർവ്വം ആലിംഗനം ചെയ്ത് ഇരുവരും ആനന്ദക്കണ്ണീരിൽ കുളിക്കാൻ തുടങ്ങി.
ഇതെല്ലാം കണ്ടപ്പോൾ പതുക്കെ റിലാക്സ് ചെയ്ത ‘ഡോക്റ്റർ മാഡ്’ പുഞ്ചിരിക്കുമ്പോൾ ആ അമ്മയും മകളും വിളി തുടർന്നു കൊണ്ടേയിരുന്നു,
“മോളേ”
“അമ്മേ”
………
………

11/27/10

മക്കൾ‌മാഹാത്മ്യം


                        വളരെനേരത്തെ കൊച്ചുവർത്തമാനങ്ങൾക്ക് ശേഷം ‘മിസ്സിസ്സ് സുശീല എസ്. വാരിയർ’ ആ വീട്ടിൽ‌നിന്ന്, യാത്രചോദിച്ച് പുറത്തിറങ്ങി. അവർ പുറത്തിറങ്ങിയ നിമിഷം‌മുതൽ, ‘മിസ്സിസ്സ് രാജമ്മ ജി. നായർ’ തീവ്രമായ ചിന്തയിലാണ്. ചിന്തകളുടെ ഒടുവിൽ അവർ നിശബ്ദമായി സ്വയം ചോദിച്ചു,
തന്റെ ജീവിതത്തിൽ അങ്ങനെയൊക്കെ സംഭവിക്കുമോ?
,,,
                       നാല് മക്കളുടെ അമ്മയായ രാജമ്മ, ഭർത്താവ് മരിച്ചതോടെ സീമന്തരേഖയിലെ കുങ്കുമം മായ്‌ച്ചെങ്കിലും താലിമാല അഴിക്കുകയോ പേരിന്റെ കൂടെയുള്ള; നല്ലപാതിയായ നായരെ മുറിച്ചുമാറ്റുകയോ ചെയ്തിട്ടില്ല. ഭർത്താവിന്റെ മരണശേഷം മക്കളും മരുമക്കളും പേരമക്കളുമൊത്ത് അവർ സസുഖം സസ്നേഹം ജീവിക്കുകയാണ്. ‘അച്ഛൻ മരിച്ചെങ്കിലും, മക്കളെ സ്നേഹിക്കാൻ മാത്രമറിയുന്ന ആ അമ്മക്ക് ഒരു വിഷമവും വരാൻ പാടില്ല’ എന്ന് എല്ലാ മക്കൾക്കും, ഒരുകാലത്ത് നിർബന്ധമായിരുന്നു.
                       വളരെനേരത്തെ കൊച്ചുവർത്തമാനത്തിനൊടുവിൽ സുശീല പറഞ്ഞതെല്ലാം കേട്ടപ്പോൾ രാജമ്മയുടെ ഉള്ളിന്റെയുള്ളിൽ സംശയങ്ങൾ തലയുയർത്തി, പതുക്കെ പത്തികൾ ഓരോന്നായി വിടർത്താൻ തുടങ്ങി.
‘അടുത്തകാലത്തായി മക്കളും മരുമക്കളും ചേർന്ന് തന്നിൽനിന്ന് എന്തൊക്കെയോ ഒളിക്കുന്നില്ലെ???’
 ,,,
                       ഉച്ചഭക്ഷണം കഴിഞ്ഞ് പേരക്കുട്ടികളുമായി കടങ്കഥ പറഞ്ഞ് കളിക്കുമ്പോഴാണ് അകന്ന ബന്ധുവായ സുശീലയുടെ വരവ്. താനൊരു വിധവയാണെന്ന് വേഷങ്ങൾ കൊണ്ടറിയിക്കുന്ന സുശീല പണ്ടത്തെക്കാൾ സ്ലിം ആയിരിക്കുന്നു. വൈധവ്യം‌ വന്നപ്പോൾ വെളുത്ത വേഷം ധരിച്ച അവൾക്ക് സന്തോഷവും സൌന്ദര്യവും പൂർവ്വാധികം വർദ്ധിച്ചിരിക്കയാണ്. പണ്ടേ ഏഷണി പറഞ്ഞ് കുടുംബം കലക്കുന്നവളാണെങ്കിലും ഇപ്പോൾ അവൾ പറഞ്ഞ കാര്യം;
  രാജമ്മയുടെ ചിന്തകൾ കാട് കയറാൻ തുടങ്ങി,
“പണവും സ്വത്തും ഉണ്ടായിട്ടെന്താ കാര്യം? എഴുന്നേറ്റ് നടക്കുന്ന കാലത്ത് മാത്രമേ മക്കൾ അമ്മയെ നോക്കുകയുള്ളു, പിന്നെയല്ലെ മരുമക്കൾ; ഒരു രോഗം വന്ന് കിടന്നാലറിയാം; ,,, ഇവന്മാരുടെയൊക്കെ സ്നേഹം”

                      അസൂയ മണക്കുന്ന ഉള്ളിൽ ദുഷ്‌ചിന്തകൾ മാത്രമുള്ള അവൾക്ക് അപ്പോൾ‌തന്നെ മറുപടി കൊടുത്തു,
“നീ പറയുന്നതു പോലൊന്നും ഇവിടെ എന്റെ കുടുംബത്തിൽ ഒരിക്കലും നടക്കില്ല; അവരുടെ, ഈ കുഞ്ഞുങ്ങളെയൊക്കെ നോക്കി വളർത്തുന്നത് ഞാനാണ്; എന്റെ മക്കൾ എന്റെ കാര്യത്തിൽ എല്ലായിപ്പോഴും ശ്രദ്ധിക്കും”
തന്റെ മറുപടിയിൽ സുശീല മറ്റൊന്നാണ് കണ്ടെത്തിയത്,
“അപ്പോൾ അതാണ് കാര്യം; ഒരു ഹോം‌നേഴ്സിനൊക്കെ ഇപ്പോൾ വലിയ ചെലവാ, പിന്നെ ഒന്നിനേം വീട്ടിൽ‌കയറ്റാനും വിശ്വസിക്കാനും പ്രയാസം. പകരം അമ്മൂമ്മ ആയാൽ ചെലവില്ലാതെ ഒപ്പിക്കാം; പിന്നെ നമ്മൾ കുഞ്ഞുമക്കളെ പൊന്നുപോലെ നോക്കുന്നതുകൊണ്ട് വിശ്വസിച്ച് ഏല്പിക്കാം. പേരക്കുട്ടികൾ വലുതാവും‌തോറും മുത്തശ്ശിമാർ അധികപ്പറ്റായി മാറുകയാണ്. അവരൊക്കെ മുതിർന്ന് ആവശ്യം കഴിഞ്ഞാൽ മക്കളും മരുമക്കളും‌ചേർന്ന് സ്വത്തൊക്കെ തട്ടിയെടുത്ത് കറിവേപ്പിലപോലെ റോഡിലോ റെയിൽ‌വെ സ്റ്റേഷനിലോ തള്ളും”

                      പറയുന്നത് അവിശ്വസനിയമായി തോന്നിയെങ്കിലും മനസ്സിൽ ഇത്തിരി സംശയം ഉള്ളതിനാൽ മറുത്തൊന്നും അവളോട് പറയാൻ കഴിഞ്ഞില്ല. അമ്മയെ വേദനിപ്പിക്കുന്നതരത്തിൽ തന്റെ മക്കളോ മരുമക്കളോ ഇതുവരെ പെരുമാറിയിട്ടില്ല; എങ്കിലും ഇപ്പോഴത്തെ സിനിമയിലും സീരിയലിലും പത്രത്തിലും നിറഞ്ഞിരിക്കുന്നത്, പ്രായമായവരെ തെരുവിലേക്ക് ഇറക്കിവിടുന്ന വാർത്തകളാണല്ലോ,,,.
പ്രായമായ അമ്മയെ,,,
റോഡിൽ, ബസ്‌സ്റ്റാന്റിൽ, റെയിൽ‌വെ സ്റ്റേഷനിൽ, എയർ‌പോർട്ടിൽ, പിന്നെ???
                       പെണ്മക്കൾ രണ്ട്‌പേരും ഭർത്താവും മക്കളുമൊത്ത് സ്വന്തമായി വീട്‌വെച്ച് താമസ്സിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ അമ്മയെ കാണാൻ വരുന്നുണ്ട്. കൂടെയുള്ള ആൺ‌മക്കൾ രണ്ട്‌പേരും അവരുടെ ഭാര്യമാരും തന്നോട് വളരെ സ്നേഹമാണ്. താനായിട്ട് പ്രശ്നങ്ങളൊന്നും ഉണ്ടാക്കാത്തതിനാൽ അമ്മയിഅമ്മപ്പോര്, നാത്തൂൻ‌പോര്, തുടങ്ങിയവ ഇതുവരെ ഈ വീട്ടിൽ കടന്നുവന്നിട്ടില്ല. തന്റെ മക്കൾ ഒരിക്കലും സുശീലയുടെ മക്കളെപ്പോലാവില്ല. ആ ഏഷണിക്കാരിയുടെ വാക്കുകേട്ട് വെറുതെ ഓരോന്ന് ചിന്തിക്കുന്നു.

എന്നാലും സുശീല ഉയർത്തിയ ചിന്തകൾ;,,
രാജമ്മ ഉറക്കം കളഞ്ഞ് ചിന്തയിൽ മുഴുകി,,,
                        ഏതാനും ദിവസമായി മക്കളും മരുമക്കളും തന്റെ മുന്നിൽ‌ എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്ന് ഒരു തോന്നൽ. ‘തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ ആൺമക്കൾ, അവരുടെ വിവാഹശേഷം കാണിച്ചതെല്ലാം വെറും അഭിനയമല്ലെ?’ മനസ്സിൽ പലതും തോന്നാൻ തുടങ്ങിയിട്ട് നാളുകൾ കുറേയായി. പുറമെ സ്നേഹം കാണിക്കുന്ന മരുമക്കളുടെ കറുത്ത മുഖം ഇടയ്ക്കിടെ കാണുന്നുണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ചു. ‘ഈ വയസ്സിത്തള്ളയെ എത്രയും‌വേഗം പരലോകത്തേക്ക് കെട്ടിയെടുക്കണേ’, എന്ന് അവർ പ്രാർത്ഥിക്കുന്നുണ്ടാവാം.
                         രാജമ്മക്ക് ആരോടും പരാതിയില്ല. ഇതുവരെ മക്കളെ പ്രസവിക്കാൻ മാത്രം ആശുപത്രിയിൽ അഡ്മിറ്റായ, കാര്യമായ രോഗമൊന്നും കടന്നുവരാത്ത, ഭാഗ്യവതിയായ തന്നെ, ‘അടുത്ത കാലത്തൊന്നും അങ്ങോട്ട് വിളിക്കരുതേ,,,’ എന്ന് എപ്പോഴും ദൈവത്തോട്  പ്രാർത്ഥിക്കാറുണ്ട്.
അങ്ങനെയൊരു പ്രാർത്ഥനയോടെയാണ് രാജമ്മ അന്നും ഉറങ്ങാൻ കിടന്നത്.
,,,
                       പിറ്റേദിവസം കൊച്ചുമകനായ കുട്ടൻ വിളിച്ചപ്പോഴാണ് നേരം പുലർന്നതായി രാജമ്മ അറിഞ്ഞത്,
“അമ്മൂമ്മെ, ഇതെന്തൊരുറക്കമാ,, നേരം പുലർന്ന് ഒരു പാടായല്ലൊ,,,”
                       ഇതുവരെ ഇത്രയും വൈകി ഉണർന്നിട്ടില്ല, ശരീരത്തിന് ആകെ ഒരു ഭാരം തോന്നുകയാണ് ഒരു ചെറിയ തലവേദനപോലെ;
,,, ‘വീട്ടുജോലിയെല്ലാം രണ്ട് മരുമക്കളും ചെയ്തുതീർക്കുമ്പോൾ പ്രായമേറെയുള്ള അമ്മയെന്തിനാ നേരത്തെ ഉണരുന്നത്? ക്ഷീണം മാറാൻ അല്പം കൂടി കിടക്കട്ടെ; സ്വന്തമായ അടുക്കള അവർക്കായി വിട്ടുകൊടുത്തതു മുതൽ എന്തിന്, അടുക്കളക്കാര്യത്തിൽ തലയിട്ട് ഒരു അധികപ്പറ്റായി മാറണം?’.

അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് മരുമകളുടെ വരവ്, മൂത്തവന്റെ ഭാര്യ,
“അമ്മയെന്താ നേരം പുലർന്ന് ഉച്ചയാവാറായിട്ടും ഉറങ്ങുന്നത്? ചായ കുടിക്കുകയൊന്നും വേണ്ടേ?”
“എന്തോ ഒരു വയ്യായ്കപോലെ,,,”
അത് കേട്ടതോടെ മുറിവിട്ട്‌പോയ അവൾ അല്പസമയം കഴിഞ്ഞ് തണുത്ത ചായയുമായി വന്നു.
“അമ്മക്ക് തലവേദനയുണ്ടോ?”
“ചെറിയ തലവേദന, പിന്നെ ആ വലതുകാലിൽ ഒരു മരവിപ്പ്; ഒന്ന് തടവിയാൽ സുഖാവും”
അവൾ കാലുകൾ തിരുമ്മാൻ തുടങ്ങിയപ്പോൾ നല്ല സുഖം തോന്നി.
“ഇതെന്താ കുട്ടികൾക്കൊന്നും സ്ക്കൂളിൽ പോകണ്ടെ?”
“അതിനിന്ന് ശനിയാഴ്ച അവർക്ക് അവധിയല്ലെ; ഈ അമ്മക്കെന്താ ഒന്നും ഓർമ്മയില്ലെ?”
                        ‘മരുമകൾ കാല് തടവുമ്പോൾ അതിന്റെ സുഖമൊന്ന് വേറേയാണ്. ഇങ്ങനെ കിടക്കാൻ കഴിയുന്നത് എന്തൊരു ഭാഗ്യമാണ്; ആൺ‌മക്കളുള്ള അമ്മമാർക്ക് മാത്രം ലഭിക്കുന്ന ഒരു ഭാഗ്യം. ഒരു വീട്ടിൽ ജനിച്ച്‌വളർന്ന് അച്ഛനും അമ്മയും ഓമനിച്ച് വളർത്തിയ പെണ്മക്കൾ; അതുവരെ അറിയപ്പെടാത്ത അന്യവീട്ടിൽ വന്ന്, സ്വന്തം അമ്മയുടെ സ്ഥാനത്ത്, കുട്ടിക്കാലത്ത് ഒരു കുട്ടിയുടുപ്പ്‌പോലും അണിയിക്കാത്ത മറ്റൊരമ്മയെ പ്രതിഷ്ഠിച്ച് ശുശ്രൂഷിക്കുന്നു’,,,
                       എങ്കിലും തന്റെ മരുമക്കൾ പണ്ടത്തേതിൽ നിന്ന് എത്രയോ മാറിയിരിക്കുന്നു. മൂത്തമകന്റെ ഭാര്യയായി വന്ന, പാവപ്പെട്ട വീട്ടിൽ ജനിച്ചുവളർന്ന ഈ മരുമകളെയും കൂട്ടി, അനേകം വീടുകളിൽ വിരുന്നുസൽക്കാരത്തിന് പോയിട്ടുണ്ട്. അന്ന് പലരും അസൂയയോടെ ചോദിക്കാറുണ്ട്,
‘രാജമ്മയുടെ മകളാണോ ഇത്?’.                      
                       പെട്ടെന്ന് ഇന്നലെ സുശീല ഉയർത്തിവിട്ട സംശയങ്ങൾ ഒരു കട്ടുറുമ്പായി പുറത്ത്‌വന്നു. ‘കാലുകൾ തടവുന്നുണ്ടെങ്കിലും ഈ പരിചരണം ഒരു അഭിനയം മാത്രമല്ലെ? ഭർത്താക്കന്മാരെ സോപ്പിടാനുള്ള വെറും അടവുകൾ. ആൺ‌മക്കൾക്ക് അമ്മയുടെ കാര്യത്തിലുള്ള ശ്രദ്ധ അവരുടെ ഭാര്യമാർക്കറിയാം’.

“അമ്മയെന്താ എഴുന്നേൽക്കാത്തത്? പനിയുണ്ടോ? ഇപ്പോൾ എല്ലായിടത്തും പനിയുടെ കാലമാ”
ബിസ്‌നസ് കാരനായ മൂത്ത മകൻ ജോലിക്ക് പോകാനുള്ള വേഷത്തിലാണ്.
“എനിക്ക് ശരീരം മുഴുവൻ ഒരു വേദന, ആകെയൊരു മരവിപ്പ്”
“എന്നാൽ ഡോക്റ്ററെ കാണുന്നതാണ് നല്ലത്. കൂടുതലായാൽ മറ്റുള്ളവർക്കും പകർന്നാലോ, കുട്ടികളുടെ എക്സാം ടൈമല്ലെ? ”
,,,
പിന്നെ എല്ലാം പെട്ടെന്നായിരുന്നു; ഡോക്റ്ററുടെ മുന്നിലെത്തിയപ്പോൾ നെഞ്ച്‌വേദനയുണ്ടോ എന്നൊരു സംശയം. പ്രായമായ അമ്മയല്ലെ? നേരെ മെഡിക്കൽ കോളേജിൽ പോയി ഒരു ചെക്കപ്പ് നടത്തുന്നത് നല്ലതാണെന്ന് നിർദ്ദേശിച്ചു.

                         നാട്ടിൽ പുതിയതായി തുടങ്ങിയ സ്വകാര്യ മെഡിക്കൽകോളേജിലെ പേവാർഡിൽ; മക്കളാലും ബന്ധുക്കളാലും സുഹൃത്തുക്കളാലും വലയം ചെയ്യപ്പെട്ടപ്പോൾ, മിസ്സിസ്സ് രാജമ്മ ജി. നായർ സന്തോഷംകൊണ്ട് വീർപ്പുമുട്ടി. കഴിഞ്ഞ സംഭവങ്ങൾ ഓരോന്നായി അവർ ഓർക്കാൻ തുടങ്ങി. ‘എന്തൊക്കെ പരിശോധനകളാണ് നടന്നത്? ‘ഐസിയൂ’ വിൽ അഡ്‌മിറ്റായ ഉടനെ എക്സ്‌റേ, ഇ.സി.ജി, സ്കാനിങ്ങ്, തുടങ്ങി ആശുപത്രിയിൽ പുതിയതായി വാങ്ങിയ എല്ലാ യന്ത്രങ്ങളും അവർക്കായി പലതവണ പ്രവർത്തിച്ചു. പിന്നെ ഭക്ഷണത്തെക്കാൾ കൂടുതൽ മരുന്നുകൾ ദേഹത്ത് കയറ്റി.
വെറുതെ ഒരു തലവേദന എന്ന് പറയുമ്പോഴേക്കും അമ്മക്ൿവേണ്ടി മക്കൾ എന്തെല്ലാം ത്യാഗങ്ങളാണ് സഹിക്കുന്നത്!

                        ആശുപത്രിയിൽ കിടന്ന അഞ്ച് ദിവസം, അഞ്ച് യുഗങ്ങളായാണ് രാജമ്മക്ക് തോന്നിയത്. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കിടന്ന് മക്കളുടെ പരിചരണം ഏറ്റുവാങ്ങിയ രാജമ്മ ആനന്ദത്തിൽ ആറാടി.
                        ഇളയ മകനും മകളും കൊച്ചുകുഞ്ഞുങ്ങളെപ്പോലെയാണ്; അശുപത്രിയാണെന്ന് ഓർക്കാതെ തന്നെയും കെട്ടിപ്പിടിച്ച് കിടന്ന മകനെക്കണ്ട് ഒരിക്കൽ സിസ്റ്റർക്ക് വഴക്ൿപറയേണ്ടി വന്നു. ഇത്രയും സ്നേഹമുള്ള മക്കളെയാണ് വെറുതെ സംശയിച്ചത്. മെഡിക്കൽ‌കോളേജില വിദ്യാർത്ഥികൾകളും അദ്ധ്യാപകരും ചേർന്ന് പരിശോധനകളും പരീക്ഷണങ്ങളും പൂർത്തിയാക്കിയശേഷം, ‘ഇനിയും ഇടയ്ക്കിടെ കാണണമെന്ന അറിയിപ്പോടെ’ വീട്ടിൽ പോകാൻ അനുവദിച്ചപ്പോൾ ആശ്വാസം തോന്നി. 

                        വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാജമ്മക്കുണ്ടായ സന്തോഷം അസഹനീയമാണെങ്കിലും പ്രത്യക്ഷത്തിൽ ദുഖഭാവം വെടിഞ്ഞില്ല. അയൽ‌വാസികളും ബന്ധുക്കളുമായി ഒട്ടനേകം‌പേർ അടുത്തുകൂടി ഉപദേശ നിർദ്ദേങ്ങൾ നൽകുന്നുണ്ട്. തന്നെക്കാൾ പ്രായമുള്ള അയൽക്കാരി മകനോട് പറയുകയാണ്,
“പ്രായമായ അമ്മയെ നോക്കാൻ മകന്റെ ഭാര്യമാരെ ഏൽ‌പ്പിച്ച് പോകുന്നത് അത്ര നല്ലതല്ല. രണ്ട് പെണ്മക്കളിൽ ആരോടെങ്കിലും ഇവിടെവന്ന് താമസിക്കാൻ പറയുന്നതാണ് നല്ലത്”
                           ഇവരുടെയൊക്കെ വീട്ടിലെ അവസ്ഥപോലെയാണ് ഇവിടെയും എന്നാണ് വിചാരം. നൊന്തുപെറ്റ മക്കളെക്കാളേറെ സ്നേഹം ചൊരിയുന്നവരാണ് വീട്ടിലെ മരുമക്കളെന്ന് അവർക്ക് ഒരിക്കലും മനസ്സിലാവില്ല. നമ്മൾ അങ്ങോട്ട് സ്നേഹിച്ചാൽ അവർ തിരിച്ചിങ്ങോട്ടും സ്നേഹിക്കും.

                            ഒരു ചെറിയ ക്ഷീണം എന്ന് പറഞ്ഞപ്പോൾ തനിക്ക്‌വേണ്ടി എത്ര പണമായിരിക്കും മക്കൾ ചെലവാക്കിയത്. വെറുമൊരു ചുക്കുകാപ്പി ചൂടോടെ കുടിച്ചാൽ മാറുന്ന തലവേദന വന്നപ്പോൾ കൂടുതൽ പ്രയാസം അഭിനയിച്ചതുകൊണ്ട്, തന്റെ പ്രീയപ്പെട്ട മക്കൾക്ക് അമ്മയോടുള്ള സ്നേഹത്തെക്കുറിച്ച് തിരിച്ചറിവ് ലഭിച്ചു.  ഇനിയൊരിക്കലും ആശുപത്രിയിൽ പോകാൻ ഇടയാക്കില്ലെന്ന്, രാജമ്മ മനസ്സിൽ കണക്ക് കൂട്ടി.
,,,
                           വൈകുന്നേരത്തെ ചായകുടിച്ച് വാഷ്‌ബേസിനിൽ മുഖം കഴുകി കണ്ണാടിയിൽ നോക്കിയിരിക്കെ, നഗ്നമായ കഴുത്ത്‌കണ്ടപ്പോൾ പെട്ടെന്നൊരു കാര്യം ഓർമ്മവന്നു;
താലിമാല,,,.
                           വർഷങ്ങൾക്ക് മുൻപ് വിവാഹവേദിയിൽ‌വെച്ച് അദ്ദേഹം കഴുത്തിലണിയിച്ച, ഒരു വിധവയായിട്ടും അദ്ദേഹത്തിന്റെ ഓർമ്മയിൽ ജീവിക്കാനായി ഒരിക്കലും ഊരിമാറ്റാത്ത, സ്വർണ്ണച്ചെയിനോട് കൂടിയ സ്വന്തം താലി. മറ്റുള്ള പൊന്നെല്ലാം പെണ്മക്കൾക്ക് കൊടുത്തെങ്കിലും ആർക്കും കൊടുക്കാതെ സ്വന്തം നെഞ്ചോട് ചേർത്ത്‌വെച്ച് പ്രാർത്ഥിക്കുന്ന സ്വർണ്ണമാല,,,
ഓ, അത് ‘ഐസിയിൽ അഡ്മിറ്റ് ആയഉടനെ, മൂത്ത മകന്റെ കൈയിൽ കൊടുക്കാമെന്ന് പറഞ്ഞ് സിസ്റ്റർ അഴിച്ചതാണല്ലൊ,,, അവനെവിടെ?
തിരിച്ച് കട്ടിലിൽ കിടന്നശേഷം അടുത്തുള്ള കൊച്ചുമകളോട് പറഞ്ഞു,
“മോളേ, അച്ഛനോട് അമ്മൂമ്മയുടെ മാല തരാൻ പറ”

                         ഏതാനും സമയം കഴിഞ്ഞപ്പോൾ മുറിയിൽ കടന്നുവന്നത് മക്കൾ നാല്‌പേരും ഒന്നിച്ചായിരുന്നു,,,
“മോനേ എന്റെ മാല ‘ആ സിസ്റ്റർ ഊരിയത്, നിന്റെ കയ്യിൽ തന്നിട്ടുണ്ട്’, എന്ന് പറഞ്ഞതാണല്ലൊ; ഇനി അതിങ്ങ് താ? കഴുത്ത് കാലിയായി കാണുമ്പോൾ എന്തോപോലെ,”
ചോദ്യം മൂത്ത മകനോടാണെങ്കിലും ഉത്തരം പറഞ്ഞത് ഇളയ മകളാണ്,
“അമ്മേ, അത് പിന്നെ ആശുപത്രിയിൽ ധാരാളം പണം ചെലവായതുകൊണ്ട് ഞങ്ങളൊക്കെച്ചേർന്ന് ആ ചെയിനങ്ങ് വിറ്റു;
,,, അമ്മക്കെന്തിനാ ഈ വയസ്സുകാലത്ത് സ്വർണ്ണച്ചെയിൻ?” 

                       രാജമ്മ ജി നായർ നാല് മക്കളുടെയും മുഖത്ത് നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല. രോഗം അഭിനയിച്ചപ്പോൾ ദേഹത്ത് ആകെയുള്ള സ്വർണ്ണം നഷ്ടപ്പെട്ടു. ഇനി ഒറിജിനൽ രോഗം വന്നാൽ എന്തായിരിക്കും നഷ്ടപ്പെടാനുള്ളത്?, എന്ന് ചിന്തിച്ചപ്പോൾ അവരുടെ ശരീരം മുഴുവൻ വിറയലും നെഞ്ച്‌വേദനയും അനുഭവപ്പെടാൻ തുടങ്ങി.

11/9/10

ട്രാക്ക് ചെയ്ഞ്ച്

“ദേ, അവൾക്കൊരു കമ്പ്യൂട്ടർ വേണമെന്നാ പറയുന്നത്,,,”
                      ഭാര്യ പറഞ്ഞത് കേട്ടപ്പോൾ ചായകുടിച്ചുകൊണ്ടിരിക്കുന്ന വാസുവിന്, ആകെ ഒരു കൺഫ്യൂഷൻ; കമ്പ്യൂട്ടർ പഠിക്കാൻ പോകുന്ന മകൾ, ഇനി സ്വന്തമായി വാങ്ങിയ കമ്പ്യൂട്ടറും ചുമന്നാണൊ പഠിക്കാൻ പോകേണ്ടത്?
വാസു  ഭാര്യയോട് സംശയം ചോദിച്ചു,
“കമ്പ്യൂട്ടറോ? അതല്ലെ അവൾ പഠിക്കാൻ പോകുന്നത്,,,”
“അതല്ല മനുഷ്യാ, അവിടെ പഠിക്കുന്ന കുട്ടികളുടെയെല്ലാം വീട്ടിൽ കമ്പ്യൂട്ടറുണ്ട്. ഇവിടെയും അതൊന്ന് വാങ്ങിയാൽ പിന്നെ പൊറത്ത് പോകാതെ ബാക്കിസമയം വീട്ടിന്ന്‌തന്നെ പഠിക്കാമെന്നാ അവള് പറയുന്നത്”
                        മകളുടെ ആവശ്യം അറുപിശുക്കനായ ഭർത്താവിനു മുന്നിൽ അവതരിപ്പിച്ചെങ്കിലും ലളിതകുമാരിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ല. തന്റെ വീട്ടിലും കമ്പ്യൂട്ടർ ഉണ്ടെന്ന് പറയുന്നത് ഒരു ഗമയാണെന്ന് പ്രീഡിഗ്രീ പാസായ അവൾക്ക് നന്നായി അറിയാം. അങ്ങനെയായാൽ കുടുംബശ്രീവക കമ്പ്യൂട്ടറിന്റെ ഹരിശ്രീ കുറിച്ച തനിക്കും അതൊന്ന് ഉപയോഗിക്കാമല്ലൊ

                        ആകെയുള്ള ഒരു മകൾ പനപോലെ വളർന്ന് പുരയിൽ നിറയാൻ തുടങ്ങിയിട്ടും വാസുവിന് മനസ്സിൽ ഒരുതരത്തിലുള്ള പേടിയും തോന്നിയില്ല. പുര മാത്രമല്ല, പുരയിടം നിറഞ്ഞാലും സ്വന്തമായി ബിസിനസ് നടത്തി ലാഭം പ്രതീക്ഷിക്കുന്ന വാസു, മകൾക്ക് സ്ത്രീധനമായി കൊടുക്കാനുള്ളതിന്റെ എത്രയോ ഇരട്ടി പൊന്നും പണവും പെട്ടിയിൽ ഭദ്രമായി വെച്ചിട്ടുണ്ടെങ്കിലും, പണം‌കൊടുത്ത് മകളെ കെട്ടിച്ചുവിടുമെന്ന പ്രതീക്ഷയൊന്നും, അച്ഛനെയും അമ്മ ലളിതകുമാരിയെയും നന്നായി അറിയാവുന്ന മകൾ പവിത്രകുമാരിക്ക് തീരെയില്ല. മരപ്പട്ടിയെ പോലുള്ള വാസുവിനു പറ്റിയ കൂട്ടാണ് ഈനാമ്പേച്ചിയെ പോലുള്ള ഭാര്യ ലളിതകുമാരി. മകളുടെ പഠനനിലവാരം ഉയരുന്നതിനനുസരിച്ച് വിവാഹക്കമ്പോളനിലവാരം താഴുകയും സ്ത്രീധനിലവാരം ഉയരുമെന്നും, കച്ചവടക്കണ്ണുമായി ജനിച്ച വാസുവിന് നന്നായി അറിയാം. ഒരു വൈഫ് ആകുന്നതിനു മുൻപ് ഹൌസ്‌വൈഫ് മോഡലായി മകൾ വീട്ടിലിരിക്കുന്നു എന്ന് പറയുന്നത് വിവാഹമാർക്കറ്റിൽ ഡിമാന്റ് കുറക്കുന്നതിനാൽ പ്ലസ്2 കഴിഞ്ഞ മകളെ ടൈപ്‌റൈറ്റിങ്ങ് പഠിക്കുന്നതിനു പകരം കമ്പ്യൂട്ടർ പഠിക്കാൻ അയച്ചിരിക്കയാണ്.

                      കമ്പ്യൂട്ടർ പഠനം തുടർന്ന് പോയ്‌ക്കൊണ്ടിരിക്കെ, അങ്ങനെ വർഷങ്ങൾ മൂന്ന് കഴിഞ്ഞിട്ടും ഒപ്പം പഠിച്ചവരുടെയെല്ലാം കഴുത്തിൽ കെട്ട് വീണിട്ടും പവിത്രകുമാരിയുടെ കഴുത്തിൽ മാത്രം കെട്ട് വീണില്ല. മകൾ ഇങ്ങനെ കെട്ടാച്ചരക്കായി വീട്ടിലിരിക്കുന്നതിനു പരിഹാരം കാണാൻ കച്ചവടതന്ത്രങ്ങൾ അറിയാവുന്ന വാസുവും ഭാര്യയും പലതരം തന്ത്രങ്ങൾ മെനഞ്ഞിട്ടും പണത്തിന്റെ കാര്യത്തോടടുക്കുമ്പോൾ പലതും തകർന്നു.

                      വാസു ചപ്പാത്തി തിന്നുകൊണ്ടെരിക്കെ ആലോചനയിൽ മുഴുകി. ‘ഏകമകളെ കമ്പ്യൂട്ടർ പഠിക്കാനയച്ചത്, പോകുന്ന വഴിയിൽ വല്ലവനും ലൈനാക്കി ഒളിച്ചോടിയാൽ കിട്ടാവുന്ന ലക്ഷങ്ങളുടെ ലാഭം നോക്കിയാണ്, എന്നിട്ടിപ്പോൾ പണം പോയതു മിച്ചം’,
“അല്ല ഇവിടിന്ന് ഒന്നും പറഞ്ഞില്ല”,
പ്രാതൽ കഴിച്ച് എഴുന്നേൽക്കാൻ‌‌നേരം ഭാര്യ വീണ്ടും ഓർമ്മിപ്പിച്ചു.
“അതൊന്നും വേണ്ട, വലിയ ചെലവാ; പഠിക്കാനുള്ളതെല്ലാം ക്ലാസ്സിൽ പോയി പഠിച്ചാൽ മതി”  
വാസു പറഞ്ഞാൽ പിന്നെ രണ്ടാമതൊന്ന് കൂടി ചോദിക്കേണ്ട ആവശ്യം ഇല്ല; വേണ്ട എന്ന് പറഞ്ഞാൽ വേണ്ട എന്ന് തന്നെ. അപ്പോൾ ലളിതകുമാരി ഒരു കാര്യം പറഞ്ഞു,
“നമ്മളെ ഹരിനാരായണൻ മുതലാളിയുടെ വീട്ടിൽ കമ്പ്യൂട്ടർ വാങ്ങിയിട്ടില്ലെ?”
“ഓ, എന്നിട്ട് അത്‌കാരണം മൊതലാളി ആകെ നാണം കെട്ടു, മകള് വീട്ടിലെ കമ്പ്യൂട്ടറിലൂടെ പരിചയപ്പെട്ട ഏതോ നാട്ടിലുള്ള അന്യമതക്കാരനെ കല്ല്യാണം കഴിച്ചില്ലെ?; അതാ ഞാൻ പറഞ്ഞത് ഇവിടെ അതൊന്നും വാങ്ങണ്ടാന്ന്”
“അപ്പോൾ കമ്പ്യൂട്ടർ വാങ്ങുന്നതാ ലാഭം”
“ഏ,, നീയെന്നാ പറഞ്ഞത്?”
പെട്ടെന്ന് ആ പിശുക്കൻ തലയിൽ വെളിച്ചം തെളിഞ്ഞു,
‘ഇവൾ പറയുന്നതിൽ ശരിയാണെല്ലൊ; കമ്പ്യൂട്ടറിലൂടെ പരിചയപ്പെടുന്ന നല്ലൊരു പയ്യൻ മകളെ കല്ല്യാണം കഴിച്ചാൽ ശരിക്കും ലാഭമാണല്ലൊ’. ഏറെനേരം ചിന്തിച്ച വാസു ഭാര്യയോട് പറഞ്ഞു,
“നീ പറഞ്ഞതു ശരിയാ, ഒരേയൊരു മകളല്ലെ, അവളുടെ ഇഷ്ടം‌പോലെ നടക്കട്ടെ, നമുക്കുള്ളതെല്ലാം അവൾക്കല്ലെ”
                             
                        ഇതുകേട്ടപ്പോൾ റിയാലിറ്റി ഷോയിൽ ‘ഇൻ’ ആയതുപോലെ, ലളിതകുമാരി സന്തോഷം‌കൊണ്ട് വീർപ്പുമുട്ടി. കുടുംബശ്രീ വഴി അക്ഷയസെന്ററിൽ നിന്നും കമ്പ്യൂട്ടർ പഠിച്ചതിനുശേഷം കീബോർഡ് ടച്ച് ചെയ്യാനാവാത്തതിനാൽ സ്റ്റക്ക്‌ആയ അവളുടെ വിരലുകളിൽ നേരിയ തരിപ്പ് അനുഭവപ്പെട്ടു.

                        പിറ്റേദിവസം ഉച്ചകഴിഞ്ഞപ്പോൾ കമ്പ്യൂട്ടർ വിത്ത് ആക്സസറീസും, അത് സെറ്റ് ചെയ്യാനുള്ള രണ്ട് ചെറുപ്പക്കാരുമായി വാസു വീട്ടിൽ വന്നു. എവിടെ ഫിറ്റ് ചെയ്യണം എന്ന കാര്യത്തിൽ ഭാര്യക്കും ഭർത്താവിനും ഏകാഭിപ്രായം, അപ്‌സ്റ്റെയറിലുള്ള മകളുടെ ബെഡ്‌റൂമിൽ തന്നെ. അവിടെയിരുന്ന് മകൾ ഇഷ്ടം‌പോലെ കമ്പ്യൂട്ടർ പഠിച്ച് ചാറ്റിങ്ങോ മെയിലിങ്ങോ ചെയ്യട്ടെ.
എന്നാലും വാസു ഭാര്യയെ ഉപദേശിക്കാൻ മറന്നില്ല,
“എടീ, നിന്റെ ഒരു കണ്ണ് എപ്പോഴും അവളുടെ കൂടെയുണ്ടാവണം. കണ്ട എരപ്പാളികളുമായൊന്നും എടപാട് വേണ്ടായെന്ന് അവളോട് പറഞ്ഞേക്കണം”
“അതുപിന്നെ ഇങ്ങേരുടെ മോളല്ലെ, പിടിക്കുമ്പോൾ പുളിങ്കൊമ്പ്‌തന്നെ പിടിക്കാൻ അവൾക്കറിയാം”
“എന്നാലും പണിയൊന്നുമില്ലാത്ത നേരത്ത് നീയും അവളുടെ ഒന്നിച്ച് ഉണ്ടാവണം”
അങ്ങനെ വാസുവിന്റെ വീട്ടിലെ തുറന്ന വാതിലിലൂടെ കമ്പ്യൂട്ടറും ഒപ്പം വൈറസുകളും പ്രവേശിച്ചു.

                      പവിത്രകുമാരി പകൽ കമ്പ്യൂട്ടർ സെന്ററിലും രാത്രി വീട്ടിലും ഷിഫ്റ്റ്‌സിസ്റ്റം സോഫ്റ്റ്‌വെയറുകൾ പലതും ഇൻസ്റ്റാൾ ചെയ്ത് പഠനം പൊടിപൊടിച്ചു. വീട്ടിൽ മകളോടൊപ്പം അമ്മ ലളിതകുമാരിയും ചേർന്ന്, അവർ ബൂലോകം ചുറ്റി സഞ്ചരിക്കാൻ തുടങ്ങി;
ആരാദ്യം നെറ്റിൽ കുടുങ്ങും?,
തന്റെമകൾ ആരേ കുടുക്കും?
തുടക്കത്തിൽ‌തന്നെ മകളുടെ പാസ്‌വേഡ് മനസ്സിലാക്കിയ അമ്മ, അവളില്ലാത്ത നേരത്ത് ഇൻബോക്സ് ചെക്ക് ചെയ്യുന്നത് പതിവാക്കി. ഒരു വീട്ടമ്മയാണെങ്കിലും അവർക്ക് റിയാലിറ്റി ഷോ കാണാനും നുണപറയാനും നേരം കിട്ടതായി.

എന്നും രാത്രി വാസു ഭാര്യയോട് ചോദിക്കും,
“എടി നമ്മുടെ മോളുടെ കാര്യം എന്തായി?”
“തെരക്ക്കൂട്ടണ്ട മനുഷ്യാ അതിനെല്ലാം ഒരു നേരോം കാലോം വേണം”
“അവള് കമ്പ്യൂട്ടർ തൊറക്കുന്ന നേരത്ത് നിന്റെ രണ്ട് കണ്ണും ഒണ്ടാവണം, അവസാനം ഏതെങ്കിലും അലവലാതിയുടെ ഒപ്പം മോള് പോകാതിരിക്കാൻ നോക്കണം. നാണക്കേട് നിനക്കല്ല, എനിക്കാ”
“അത്‌പിന്നെ ഇയാള് പറയണോ? കമ്പ്യൂട്ടർ തൊറക്കുന്ന നേരത്ത് എന്റെ ഒരുകണ്ണ് കമ്പ്യൂട്ടറിലും മറ്റേത് അവളുടെ മേലെയുമാണ്”
   
                     ആശ്വാസ-വിശ്വാസത്തോടെ അമ്മയും അച്ഛനും സുഖമായി ഉറങ്ങും നേരത്ത്, ഏകമകൾ ബൂലോകത്തിന്റെ ജാലകങ്ങൾ ഓരോന്നായി തുറന്നിട്ട് സല്ലപിക്കാൻ തുടങ്ങി. ചിലപ്പോൾ ആ സല്ലാപം പുലരുന്നതുവരെ നീളാൻ തുടങ്ങിയപ്പോൽ സിസ്റ്റം ഓഫാക്കാൻ അവൾ മറന്നു. അമ്മയാണെങ്കിൽ പെട്ടെന്ന് അടുക്കളജോലികൾ ചെയ്തുതീർക്കാൻ തുടങ്ങി. കൂടുതൽ സമയം കമ്പ്യൂട്ടറിനു മുന്നിൽ ചെലവഴിക്കാനായി ആ വീട്ടിലെ ജീവിതത്തിന് ഒരു പുത്തൻ താളം ആവിഷ്‌ക്കരിച്ചു.

വാസുവിന് ഒരു പതിവുണ്ട്,,,
ഉറങ്ങുന്നതിന്‌മുൻപ്, സ്വന്തമായി സമ്പാദിച്ച സ്വർണ്ണവും പണവും കൺ‌കുളിർക്കെ നോക്കി ആനന്ദത്തിൽ മുഴുകും.
നല്ല വില കൊടുത്താൽ മകൾക്ക് നല്ലൊരു പയ്യനെ കിട്ടുമെങ്കിലും വീട്ടിൽ‌നിന്ന് പോകുന്ന പെണ്ണിന്, എന്തിനാണ് ഇത്രയും പണവും സ്വർണ്ണവും? സ്ത്രീധനപരിപാടി കണ്ടുപിടിച്ചവനെ വാസു മനസാ ശപിക്കാൻ തുടങ്ങി.

ഒരു ദിവസം നട്ടുച്ചനേരം,,,
പത്തി‌കിലോ പഞ്ചാര വിറ്റതിന്റെ പണം വാങ്ങി എണ്ണിനോക്കി പണപ്പെട്ടിയിൽ നിക്ഷേപിക്കാൻ നേരത്താണ് വാസുവിന് സ്വന്തം മകൾ പവിത്രകുമാരിയുടെ ഫോൺ വിളി വന്നത്, “അച്ഛാ, അച്ഛനുടനെ വീട്ടിൽ വരണം. ഇവിടെ അമ്മയെ കാണാനില്ല, വീട് പൂട്ടിയിട്ടുമില്ല”
“വീട് പൂട്ടാതെ അവളെവിടെ പോകാനാ? നീ എല്ലായിടത്തും നോക്ക്,”
“ഞാൻ എല്ലായിടത്തും നോക്കി, അച്ഛൻ പെട്ടന്നിങ്ങ് വരണം”

                 പെട്ടെന്ന് കടയടച്ച്, കിട്ടിയ ഓട്ടോപിടിച്ച് വീട്ടിലോടിയെത്തിയ വാസു കണ്ടത് കരഞ്ഞുകലങ്ങിയ മകളെയാണ്.
വാസുവും മകളോടൊത്ത് അന്വേഷണം തുടങ്ങി.
അടുക്കളയിൽ, ബാത്ത്‌റൂമിൽ, ലിവിംഗ്‌റൂമിൽ, ഡൈനിംഗ്‌റൂമിൽ, ബെഡ്‌റൂമിൽ, സ്റ്റോർ‌റൂമിൽ,,,, അങ്ങനെ അന്വേഷണം പുരോഗമിച്ചപ്പോൾ,,,
ഒടുവിൽ വീട്ടിലെ ആഴമുള്ള കിണറ്റിൽ വാസു നോക്കുന്നതിനു മുൻപ് മകൾ അത് കണ്ടെത്തി,
കീബോർഡിന്റെ അടിയിൽ A4പേപ്പറിൽ നീലമഷിയിൽ പ്രിന്റ് ചെയ്ത ഒരു അറിയിപ്പ്,
ആ അറിയിപ്പ് മകൾ വായിച്ചു,
“എന്റെ പ്രീയപ്പെട്ട ഭർത്താവും മകളും അറിയാൻ
ഞാൻ പോകുന്നു,,,
എന്നെ സ്നേഹിക്കുന്ന, ഇത്രയും കാലം ചാറ്റിങ്ങിലൂടെ മാത്രം അറിഞ്ഞിരുന്ന രാജുമോന്റെ കൂടെ ഞാൻ പോകുന്നു. രാവിലെ ചേട്ടൻ കടയിലേക്ക് പോയ ഉടനെതന്നെ അദ്ദേഹം ഇവിടെ വന്നു. ചേട്ടൻ ഇനി ഞങ്ങളെ അന്വേഷിക്കരുത്,
പിന്നെ എന്റെ സ്വന്തമായ സ്വർണ്ണം കൂടാതെ  ചേട്ടൻ മകൾക്കായി സമ്പാദിച്ച നൂറ് പവൻ സ്വർണ്ണവും അഞ്ച് ലക്ഷം രൂപയും കൂടി ഞാൻ എടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ ചേട്ടനും മകളും എനിക്ക് മാപ്പ് തരുമെന്നറിയാം. ചേട്ടാ, ഇനി ഞങ്ങൾക്ക് ജീവിക്കാൻ പണം വേണ്ടെ;
എന്ന്
ലളിതകുമാരി  (ഒപ്പ്)”
,,,,!

10/18/10

വിശ്വാസം തകർന്ന നിമിഷങ്ങൾ

                സന്ധ്യ കഴിഞ്ഞ്, ഇരുട്ടിന് ഭാരം കൂടിയതോടെ സൻഷ ഗോപിനാഥൻ പേടിച്ച് വിറക്കാൻ തുടങ്ങി. അവളുടെ ചിന്തകൾ കാടും മലയും കയറിമറിഞ്ഞതിനു ശേഷം പൊട്ടിച്ചിതറാൻ കാത്തിരിക്കുന്ന ഒരു അഗ്നിപർവ്വതം കണക്കെ തിളച്ച്‌മറിയുകയാണ്. മറ്റുള്ളവരുടെ മുന്നിൽ ധൈര്യശാലിയാണെങ്കിലും ഏതാനും മിനിട്ടുകളായി അണകെട്ടി നിർത്തിയ ഭയം, നെഞ്ചിനുള്ളിൽ ‘അതിക്രമിച്ച് കടന്ന’ ഒരു ചിലന്തിയെപ്പോലെ, ഹൃദയപേശികൾ തകർക്കുകയാണ്. ആറ് മണിമുതൽ ആ നാൽക്കവലയിലെ സ്ട്രീറ്റ്‌ലൈറ്റിനു സമീപം ഇത്തിരി വെളിച്ചം നൽകിയ സുരക്ഷിതത്വത്തിൽ ഏകാന്തതയുടെ ഭീതിയും‌പേറി അവൾ നിൽക്കുകയാണ്;
ഇപ്പോൾ സമയം രാത്രി എട്ട് മണിയാവാറായി,

                        എന്നും ഇതേ സ്ഥലത്ത്‌വെച്ചാണ് അവൾ നാട്ടിലേക്കുള്ള ബസ് കയറുന്നത്. എല്ലാ ദിവസവും പ്ലസ്2 ക്ലാസ്സിൽ നിന്ന് നേരെ കോച്ചിങ്ങ് സെന്ററിൽ പോകും. തിരിച്ച് വരുമ്പോൾ ടൌണിൽ നിന്നുള്ള ബസ്സിൽ വന്ന്, ഇവിടെ ഇറങ്ങിയ ശേഷം, കൃത്യം ആറ് മണിക്ക് അവളുടെ നാട്ടിലേക്കുള്ള ഒരേയൊരു ബസ് വരുന്നതാണ്. ആ ബസ്സിൽ നിന്നും ഇറങ്ങി, പത്ത് മിനുട്ട് നടന്നാൽ സൻഷാലയം എന്ന മനോഹരമായ വീട്ടിലെത്താം.

എന്നാൽ ഇന്ന് എന്താണ് സംഭവിച്ചത്? 
മിന്നൽ‌പണിമുടക്ക്; തൊട്ടടുത്തുള്ള പെട്ടിക്കടയിൽ നിന്നും പറയുന്നത് കേട്ടു,
“ഒരു യാത്രക്കാരൻ ഒരു കിളിയെ അടിച്ചതിനാൽ ഇനിയിങ്ങോട്ട് ബസ്സ് വരില്ല”.
                      അരമണിക്കൂർ മുൻപ് നിറയെ ആളുകളെ കുത്തിനിറച്ച ഒരു ജീപ്പ് അവളുടെ സമീപം വന്ന് നിർത്തിയിരുന്നു,
പിന്നിൽ തൂങ്ങിനിൽക്കുന്ന ഒരാൾ അവളെ വിളിച്ചു,
“ഈ വഴി ഇനി ബസ്സൊന്നും പോകില്ല; ഈ വണ്ടി അങ്ങോട്ടേക്ക് പോകുന്നതാണ്, കയറിക്കൊ”
അകത്തും പുറത്തും ആളുകൾ നിറഞ്ഞ വാഹനത്തിൽ ആണുങ്ങളെ മുട്ടിയുരുമ്മി യാത്രചെയ്യുന്ന കാര്യം അവൾക്ക് ചിന്തിക്കാനെ കഴിഞ്ഞില്ല. അവരുടെ ചോദ്യം കേട്ട ഭാവം നടിക്കാതെ അവൾ മറുവശത്ത് നോക്കിനിന്നു. ജീപ്പ് സ്റ്റാർട്ട് ചെയ്ത് പോകുമ്പോൾ പിന്നിൽ പിടിച്ചു തൂങ്ങുന്ന അയാൾ കമന്റിട്ടു,
“സഹായിക്കാമെന്ന് വെച്ച് ചോദിച്ച നമ്മളെയാണ് തല്ലേണ്ടത്”

                 വളരെ ഫാസ്റ്റ് ആയി കറുപ്പ് നിറത്തിൽ, ചുറ്റും അന്ധകാരത്താൽ ആവരണം ചെയ്യപ്പെടുന്നത് കണ്ട് സൻഷ ഞെട്ടി. ജീവിതത്തിൽ ആദ്യമായി ഒറ്റപ്പെട്ട്, ഇരുട്ടിനെ മുഖാമുഖം കാണുന്ന അവൾക്ക് ഭയപ്പെട്ട് നിലവിളിക്കാൻ തോന്നിയെങ്കിലും ശബ്ദം പുറത്തുവന്നില്ല. അപ്പോൾ ആ ഇരുട്ടിനെ കീറി മുറിച്ച് മദ്ധ്യവയസ്ക്കനായ ഒരാൾ അടുത്തുവന്ന് അവളെ നോക്കി,
“അല്ല ഇത് നമ്മുടെ ഗോപിയേട്ടന്റെ മകളല്ലെ? മോളേ, ഇന്നിനി ബസ്സൊന്നും വരില്ല; ഒരു ഓട്ടോ വിളിക്കട്ടെ, ഞാൻ കൊണ്ടുവിടാം”
“വേണ്ടാ,,,”
മുഖത്തടിച്ചപോലെ പെട്ടെന്നുള്ള അവളുടെ മറുപടിയിൽ ആ മനുഷ്യൻ ഒന്ന് ഞെട്ടി; പിന്നെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് തിരിച്ച് നടന്നു.

                  സൻഷ വീടിനെ പറ്റി ഓർക്കാൻ തുടങ്ങി. ഇപ്പോൾ വീട്ടിലെത്തി ചൂടു ചായയും കുടിച്ച്, സ്വന്തം മുറിയിൽ പഠിക്കാനിരിക്കുന്ന സമയമായി. അമ്മ ഇപ്പോൾ എന്തായിരിക്കും ചെയ്യുന്നത്? താൻ വീട്ടിലെത്തുന്നതിന് അര മണിക്കൂർ മുൻപ്‌തന്നെ വഴിക്കണ്ണുമായി നിൽക്കാറുള്ള അമ്മയുടെ അവസ്ഥ എന്തായിരിക്കും? കരഞ്ഞ്‌ കരഞ്ഞ് തളർന്ന്, അറിയാവുന്ന അമ്പലങ്ങളിലെല്ലാം ദൈവത്തെ വിളിച്ച് നല്ലൊരു തുക പ്രോമിസ് ചെയ്തിരിക്കും. വളരെ പാവമായ; ഭർത്താവിനെയും മക്കളെയും ജീവനുതുല്യം സ്നേഹിക്കുകയും അവർക്ക് വേണ്ടി മാത്രം ജീവിക്കുകയും ചെയ്യുന്ന അമ്മ; ഇപ്പോൾ മകളെ കാണാതെ പേടിച്ച് മനമുരുകി പ്രാർത്ഥിക്കുന്നുണ്ടാവും. വീട്ടിൽ ഒരു ജോലിയും തന്നെക്കൊണ്ട് ചെയ്യിക്കാത്ത, വീട്ടിനു പുറത്ത് ഒരു ലോകമില്ലാത്ത ആ അമ്മയുടെ മകളായി ജനിച്ചതിൽ അവൾക്ക് എന്നെന്നും അഭിമാനമാണ്.

                    ഏകാന്തതയുടെ ഭീകരത അവൾ ശരിക്കും തിരിച്ചറിഞ്ഞു. വീടും വിദ്യാലയവും അല്ലാതെ മറ്റൊരു ലോകത്തെപറ്റി അറിയാത്ത പാവം പെൺ‌കുട്ടി ആകെ വിയർത്തു കുളിച്ചു. നാട്ടി‌ൻപുറത്തായിട്ടും അയൽ‌പക്കത്തെ വീടുകളിൽ ആരൊക്കെയാണ് താമസിക്കുന്നത് എന്ന് അറിയാത്ത ചുറ്റുപാടിലാണ് അവൾ വളർന്നത്. കൂലിപ്പണി മതിയാക്കിയ അച്ഛൻ ഗൾഫിൽ പോയി പണക്കാരനായതോടെ, കളിക്കൂട്ടുകാരനായ ചേട്ടൻ അന്യസംസ്ഥാനത്ത് ഉപരിപഠനത്തിനു പോയതോടെ, വീട്ടിൽ അമ്മയും മകളും മാത്രം. ആവശ്യത്തിനു മാത്രം എത്തിചേരുന്ന അകലെയുള്ള ബന്ധുക്കളെയാണ് അവർ എപ്പോഴും ആശ്രയിക്കുന്നത്.

                 അമ്മയെകുറിച്ചുള്ള ചിന്തകളുടെ നോവ് അവൾക്ക് താങ്ങാവുന്നതിലപ്പുറമായി. മകളെ കാണാത്തപ്പോൾ തന്റെ കൂടേ പഠിക്കുന്നവരെയും ബന്ധുക്കളെയും അമ്മ ഫോൺ ചെയ്തിരിക്കുമോ? 
ഒന്നിച്ച് ക്ലാസിലുള്ളവരെല്ലാം വീട്ടിലെത്തി എന്നറിയുന്ന അമ്മ എന്തായിരിക്കും ചിന്തിക്കുന്നത്?
സ്ക്കൂളിൽ മൊബൈൽ നിരോധിച്ച സർക്കാറിനെ അവൾ ശപിച്ചു. വീട്ടിലേക്ക് ഒന്ന് ഫോൺ ചെയ്യാൻ ആ പരിസരത്ത് ആകെയുള്ള കോയിൻ ബോക്സ് രണ്ട് വർഷം മുൻപ്  തുരുമ്പ് പിടിച്ച് നശിച്ചു.

                ഏകാകിയായ പെൺ‌കുട്ടിയെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടപ്പോൾ ആരൊക്കെയോ ഇരുട്ടിന്റെ മറവിൽ‌നിന്നും ഒളിച്ച് നോക്കുന്നുണ്ടായിരുന്നു. ചെറുപ്പക്കാരുടെ അടക്കം‌പറച്ചിൽ കേട്ട് അവൾ ഞെട്ടാൻ തുടങ്ങി. നാളത്തെ പത്രവാർത്തയുടെ ഫ്രണ്ട്‌പേജ് അവളുടെ മനസ്സിൽ തെളിഞ്ഞു; അതിന്റെ അടിയിൽ സ്വന്തം ഫോട്ടൊയല്ലെ?
എന്റെ ഈശ്വരാ ഇതെന്ത് പരീക്ഷണം?

                  റോഡിലൂടേ ഹൈ‌സ്പീഡിൽ പോയ ഒരു ‘റ്റു വീലർ’ സഡൻ‌ബ്രെയ്ക്കിട്ട് അല്പം മുന്നിൽ നിർത്തിയപ്പോൾ അത് കാലന്റെ വാഹനമായി അവൾക്ക് തോന്നി. ബൈക്കിൽനിന്നും താഴെയിറങ്ങിയ ചെറുപ്പക്കാരൻ അവളുടെ സമീപം വന്ന് വിളിച്ചു,
“സൻഷാ നീയിവിടെ ഒറ്റക്ക്”
                 പരിചയമുള്ള ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ അവൾ കണ്ടത് പ്ലസ്2 ക്ലാസ്സിൽ പിൻബെഞ്ചിലിക്കുന്ന സഹപാഠിയെയാണ്. സ്ഥിരം തല്ലിപ്പൊളിയായ, അദ്ധ്യാപകർക്ക് തലവേദന സൃഷ്ടിക്കുന്ന, ക്ലാസിന്റെ അച്ചടക്കം നശിപ്പിക്കുന്ന തടിയൻ. തിരിച്ചങ്ങോട്ട് വിളിക്കാൻ അവന്റെ ഒറിജിനൽ പേരുപോലും അവൾക്കറിയില്ല,
“വീട്ടിലേക്ക് പോകാൻ ബസ് കിട്ടിയിരിക്കില്ല, പെട്ടെന്നാണല്ലൊ മിന്നൽപണിമുടക്ക്”
അവളൊന്നും മിണ്ടിയില്ല, സംസാരശേഷി ആകെ നഷ്ടപ്പെട്ടതുപോലെ;
“ഓ, രാത്രിയായിട്ടും ആരും വീട്ടിൽ‌നിന്നും വരാനില്ലെ? ഈ വണ്ടിയുടെ പിന്നിൽ കയറിയിരിക്ക് ഞാൻ വീട്ടിൽ കൊണ്ടുവിടാം”
അവൻ ബൈക്കിൽ കയറിയിരുന്ന് സ്റ്റാർട്ട് ചെയ്തു.
                    കൂടുതൽ ചിന്തിക്കാതെ ചൂരിദാറിന്റെ ഷാൾ ഒതുക്കിയ ശേഷം പിൻസീറ്റിൽ ഒരു വശം‌ചേർന്ന് കയറിയിരുന്നു. ഭാരമുള്ള ബാഗ് മടിയിൽ വെച്ച്, വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു.

                    വണ്ടി മുന്നോട്ടെടുക്കുമ്പോൾ അതുവരെ ഇരുട്ടിൽ ഒളിച്ചവർ സ്ട്രീറ്റ്‌ലൈറ്റിന്റെ ചുവട്ടിൽ ഒത്തുകൂടുന്നത് ഒറ്റ നോട്ടത്തിൽ കണ്ടു.
അല്പദൂരം പോയി ഒരു വളവ് തിരിയുമ്പോൾ പെട്ടെന്ന് അവളുടെ ബാഗ് താഴെ വീണു,
“അയ്യോ,,”
അവൻ വണ്ടി നിർത്തിയശേഷം ഇറങ്ങിപോയി ബാഗുമായി തിരിച്ച് വരുമ്പോൾ പറഞ്ഞു,
“എന്തൊരു കനമാ? വീട്ടിലുള്ള എല്ലാ ബുൿസും വാരിനിറച്ചാണല്ലൊ ഈ പെൺകുട്ടികളുടെ വരവ്”
ബാഗ് ബൈക്കിന്റെ കെരിയറിൽ വെച്ചശേഷം കയറിയിരുന്ന് സ്റ്റാർട്ട് ചെയ്യുമ്പോൾ അവൻ ചോദിച്ചു,
“ഇതുവരെ ബൈക്കിന്റെ പിന്നിലൊന്നും ഇരുന്നിട്ടില്ലെ? നിന്റെ ടെൻഷൻ കണ്ട് ചോദിച്ചതാ”
“ഇല്ല”
“എന്നാൽ സൈഡിൽ പിടിച്ച് താഴെ ചവിട്ടി ഉറപ്പിച്ചിരുന്നോ. പിന്നെ വീഴുമെന്ന് പേടിയുണ്ടെങ്കിൽ എന്റെ ചുമലിലോ കോളറിലോ എവിടെയായാലും ധൈര്യമായി പിടിച്ചൊ,,”
               അവന്റെ ശരീരം തൊടാതെ മുറുകെപിടിച്ച് ഇരുട്ടത്ത് ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ അവൾ പലതും ചിന്തിച്ചു.
‘ആണിനെ ഒരിക്കലും വിശ്വസിക്കെരുതെന്നാണ് അമ്മ അവളെ പഠിപ്പിച്ചത്. സ്വന്തം അച്ഛനെപോലും വിശ്വസിക്കാൻ പാടില്ല എന്നാണ് ഒരിക്കൽ അവളോട് പറഞ്ഞത്. ക്ലാസ്സിലെ മറ്റു പെൺ‌കുട്ടികൾക്കെല്ലാം മിനിമം ഒരു ലൈൻ ഉണ്ടെങ്കിലും അങ്ങനെയൊന്ന് തനിക്കില്ലാത്തത് ഒരു പോരായ്മയായി സൻഷക്ക് തോന്നിയിട്ടില്ല. പലരും സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് പറഞ്ഞ് വീട്ടിൽ‌നിന്നും പുറത്ത്‌ചാടി ബോയ്‌ഫ്രന്റ്സിന്റെ കൂടെ അടിച്ചു പൊളിച്ച് ജീവിക്കുമ്പോൾ അവൾ‌മാത്രം അതിൽ‌നിന്നെല്ലാം അകന്നുമാറി നിൽക്കുകയാണ്. ആൺ‌കുട്ടികളോട് എപ്പോഴും അകൽച്ച കാണിക്കുന്ന അവൾക്ക് സഹപാഠികൾ നൽകിയ ഓമനപ്പേരുണ്ട്;
‘വെർജിൻ മൊബൈൽ’.

                 അങ്ങനെയുള്ള സൻഷ ഇപ്പോൾ ക്ലാസ്സിലെ ഏറ്റവും തല്ലിപ്പൊളി പയ്യനെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു! ബൈക്കുമായി ഇങ്ങനെയൊരുത്തൻ വന്നില്ലെങ്കിൽ തന്റെ അവസ്ഥ എന്താകുമായിരിക്കും? ക്ലാസ്സിൽ തരികിടയാണെങ്കിലും തന്റെ മുന്നിൽ വളരെ ഡീസന്റായി, ഇതുവരെ പെരുമാറിയ പയ്യനോട് അവൾക്ക് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. ആ നേരത്ത്, ഈ തടിയൻ‌ എത്തിച്ചേർന്നത് വീട്ടിലിരുന്ന് അമ്മ തനിക്ക് വേണ്ടി പ്രാർത്ഥിച്ചതു കൊണ്ടാവാം.

                 അവൾ പറഞ്ഞ വഴിയെ വണ്ടിയോടിച്ച് വളവും തിരിവും കഴിഞ്ഞ് വീട്ടിന്റെ ഗെയിറ്റ് കടക്കുമ്പോൾതന്നെ മകളെയും പ്രതീക്ഷിച്ച് വരാന്തയിൽ നിൽക്കുന്ന അമ്മയെ കണ്ടു. ബസ് ഓടാത്ത കാര്യമൊന്നും അമ്മ അറിഞ്ഞിരിക്കാൻ ഇടയില്ല. മുറ്റത്ത് നിർത്തിയ വണ്ടിയിൽ നിന്നും ഇറങ്ങിയ അവൾ, കെരിയറിൽ നിന്നും എടുത്ത ബാഗ് കൈനീട്ടി വാങ്ങുമ്പോൾ അത്‌വരെ സഹായിച്ചവനോട് പറഞ്ഞു,
“ഇത്രത്തോളം വന്നില്ലെ; ഒന്ന് വീട്ടിൽ കയറി എന്റെ അമ്മയെ പരിചയപ്പെട്ടശേഷം ചായകുടിച്ച് പോകാം”
“അത് വേണ്ട, എനിക്ക് പോകാൻ തിരക്കുണ്ട്. പിന്നെ അമ്മ പേടിച്ചിരിക്കയാ, മോള് വേഗം പോയാട്ടെ”

                  വലിയ അപകടത്തിൽ നിന്നും ജീവൻ തിരിച്ചുകിട്ടിയതു പോലുള്ള ആശ്വാസത്തോടെ അവൾ വരാന്തയിൽ കയറി അമ്മയെ വിളിച്ചു,
“അമ്മെ ഞാൻ .”
“ഠേ,”
മുന്നോട്ട് വന്ന അമ്മ അപ്രതീക്ഷിതമായി മകളുടെ ചെകിട്ടത്ത് അടിച്ചു. അമ്മയിൽ നിന്നും ആദ്യമായി കിട്ടിയ അടിക്ക് നല്ല ശക്തിയുണ്ടായിരുന്നു. ദേഷ്യം തീരാത്ത അമ്മ അവൻ കേൾക്കെ പറയാൻ തുടങ്ങി,
“കണ്ട തെണ്ടിയോടൊപ്പം കറങ്ങിനടന്നിട്ട് രാത്രി കയറി വന്നിരിക്കയാ; എടീ നിന്നെയൊക്കെ ഇതിനാണോ വളർത്തി വലുതാക്കിയത്? ഇവിടെയൊരാള് മരുഭൂമിയിൽ‌പോയി കഷ്ടപ്പെടുന്നുണ്ടെന്ന വിചാര‌ം‌പോലും ഇല്ലല്ലൊ”

                   സൻഷ ശരിക്കും ഞെട്ടി. അടിയെക്കാൾ വേദനിപ്പിച്ചത് വാക്കുകളായിരുന്നു. ഒരു വലിയ അപകടത്തിൽനിന്നും രക്ഷപ്പെട്ട് വരുന്ന മകളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതിനു പകരം അടിക്കുക. രക്ഷപ്പെടുത്തിയവന്റെ മുന്നിൽ വെച്ച് കാര്യമറിയാതെ അപമാനിക്കുക. തന്റെ അമ്മയിൽ നിന്നും ഇങ്ങനെയൊരു പ്രതികരണം ഒരിക്കലും അവൾ പ്രതീക്ഷിച്ചിരുന്നില്ല.

                  ഓടിപ്പോയി സ്വന്തം മുറിയിൽ കടന്ന് വാതിലടക്കുമ്പോൾ അമ്മയുടെ ശബ്ദം ഉയർന്ന് കേട്ടു,
“എടാ തെണ്ടീ, നിനക്കൊക്കെ കൊണ്ടുനടക്കാൻ എന്റെ മകളെത്തന്നെ വേണമായിരുന്നോ? നിന്റെ തലയിൽ ഇടിത്തീ വീഴും. അച്ഛനും അമ്മക്കും നാണക്കേടുണ്ടാക്കാൻ ഇവിടെ ഒരുത്തി കണ്ട എരപ്പാളിയുടെകൂടെ പാതിരാത്രിക്ക് കയറി വന്നിരിക്കുന്നു, നാശം”

9/25/10

കഴുകൻ

 രാജുമാസ്റ്റർ മരിച്ചു,,,
              എന്റെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും മാത്രമല്ല; സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഒരുപോലെ പ്രീയങ്കരനായ രാജുമാസ്റ്റർ, രാവിലെ സ്ക്കൂളിലേക്ക് പുറപ്പെടാൻ നേരത്ത് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
                തലേദിവസം ക്ലാസ്സിൽ പഠിപ്പിച്ച കണക്കുകൾ പൂർത്തിയാക്കുന്നതിനു മുൻപെ, കുട്ടികൾ ചെയ്ത ഹോം‌വർക്കുകൾ നോക്കി ശരിയിടുന്നതിന്‌മുൻപെ, സ്വന്തം ക്ലാസ്സിലെ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിന് മുൻപെ, അദ്ധ്യാപന സർവ്വീസ് പൂർത്തിയാക്കി പെൻഷനാവുന്നതിനു മുൻപെ, പുതിയ വീട്ടിൽ ഭാര്യയും മക്കളുമൊത്ത് താമസിച്ച് കൊതിതീരും‌മുൻപെ; അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
                 രാവിലെതന്നെ ടെലിഫോണിലൂടെ കടന്നുവന്ന ദുരന്തവാർത്ത എന്നെ അറിയിച്ച ഭർത്താവ്, പിന്നീടൊന്നും പറയാതെ അന്നത്തെ പത്രത്തിൽ മുഖംതാഴ്ത്തിയെങ്കിലും ഒരക്ഷരവും വായിക്കുന്നില്ലെന്ന് എനിക്ക് തോന്നി. കേട്ടത് വിശ്വസിക്കാൻ മടികാണിക്കുന്ന മനസ്സുമായി വീട്ടുജോലികൾ ചെയ്യുന്ന എന്നോട് അദ്ദേഹം ചോദിച്ചു,
“അവിടെ പോകണ്ടെ?”
“പോകണം”
“ഇപ്പോൾ ബോഡി ഹോസ്പിറ്റലിലാണ്; ഒരു മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തും”
പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്തു.
“നിനക്കായിരിക്കും ഫോൺ”
ഞാൻ ഫോണെടുത്തു; വിളിക്കുന്നത് കൂടെ ജോലിചെയ്യുന്ന ലതയാണ്.
“നീ വല്ലതും അറിഞ്ഞൊ?”
“അറിഞ്ഞു”
“നീ പോകുന്നുണ്ടോ?”
“പോകും, പെട്ടെന്ന് തയ്യാറാവാം”
“പിന്നെ വീട്ടിൽ‌നിന്ന് ശ്മശാനത്തിൽ കൊണ്ടുപോകുന്നത് സ്ക്കൂൾ വഴിയാ, കുട്ടികൾക്ക് കാണണ്ടെ”
“അത്‌പിന്നെ കുട്ടികളുടെ പ്രീയപ്പെട്ട സാറല്ലെ?”
“എന്നാലും നിനക്ക് പ്രയാസമുണ്ടായാലോ?  നീ വരുന്നുണ്ടെങ്കിൽ ഒറ്റയ്ക്ക് വരേണ്ട, ഹസ്‌ബന്റ് ലീവായിരിക്കുമല്ലൊ; അവരെയും കൂട്ടിക്കൊ”
“ഞാൻ വരും”
                   എന്നെ അറിയുന്ന സഹപ്രവർത്തകരെല്ലാം എന്റെ ആരോഗ്യത്തിൽ എന്നെക്കാൾ ശ്രദ്ധാലുക്കളാണ്. മാനസ്സികപ്രയാസങ്ങൾ ഉണ്ടാക്കുന്ന സന്ദർഭങ്ങളിൽ അവരെന്നെ അകറ്റിനിർത്താറാണ് പതിവ്.
എന്നാൽ ഇത് അങ്ങനെയാണോ?
                   ഒന്നിച്ച് ജോലി ചെയ്ത്, ചിരിക്കുകയും കളിക്കുകയും കുറ്റപ്പെടുത്തുകയും വഴക്കിടുകയും ചെയ്ത, ഒരു നല്ല സഹപ്രവർത്തകനാണ് ആരോടും പറയാതെ പെട്ടെന്ന് മരണത്തിലേക്ക് മറഞ്ഞത്. അദ്ദേഹം എന്റെ നാട്ടുകാരനും  കുടുംബസുഹൃത്തും കൂടിയാണെന്ന് മറ്റുള്ള അദ്ധ്യാപകർക്കെല്ലാം നന്നായി അറിയാം.
അവൾ ഫോൺ വെച്ചപ്പോഴാണ് ഞാനൊരു കാര്യം അറിഞ്ഞത്,
ഇത്രയും നേരം ഞാൻ കരയുകയായിരുന്നു.
പിന്നെയും ഫോൺ‌വിളികൾ തുടരുകയാണ്,,,
പോകാൻ പുറപ്പെടും‌മുൻപ് അദ്ദേഹം ഒരു കാര്യം‌കൂടി ഓർമ്മിപ്പിച്ചു,
“നന്നായി ഭക്ഷണം കഴിച്ചൊ, പിന്നെ അവിടെന്ന് ബോധക്കേടൊന്നും ആവില്ലെന്ന് ഉറപ്പ് തരണം”
“ഓ അതൊന്നും പ്രശ്നമല്ല”
                  വളരെനല്ല ഒരു സുഹൃത്തിന്റെ മരണത്തിൽ അദ്ദേഹത്തിനും പ്രയാസം ഉണ്ട്. ഒരാഴ്ചമുൻപ് നമ്മുടെ വീട്ടിൽ വന്ന രാജുമാസ്റ്റർ,  കമ്പ്യൂട്ടറിൽ ഉണ്ടായ പ്രോബ്ലം തീർത്ത് ആന്റീവൈറസ് ഇൻസ്റ്റാൾ ചെയ്ത് പോയതായിരുന്നു. അന്ന് വീട്ടിൽ നിന്ന് പറഞ്ഞ തമാശകൾ ഓർത്തുപോയി. എന്റെ ബസ്‌യാത്ര പ്രയാസത്തെക്കുറിച്ച് പറഞ്ഞ ഭർത്താവിനോട് രാജുമാഷ് പറഞ്ഞു,
“ടീച്ചർ എന്റെകൂടെ വണ്ടിയിൽ വരുന്നതിൽ എനിക്കൊ എന്റെ ഭാര്യക്കൊ, നിങ്ങൾക്കോ, ടീച്ചർക്കൊ ഒന്നും പരാതിയില്ല; എന്നാൽ അദ്ധ്യാപകരാവുമ്പോൾ നാട്ടുകാർക്ക് പരാതിയുണ്ടാവുമല്ലൊ”
ഇപ്പോൾ തലച്ചോറിലെ സോഫ്റ്റ്‌വെയറിൽ നിന്ന് ഓർമ്മകൾ ഓരോന്നായി പുറത്തേക്ക് പ്രവഹിക്കുകയാണ്.
                  ആദ്യം കണ്ട ഓട്ടോ പിടിച്ച് മരണവീട്ടിൽ എത്തിയപ്പോൾ അവിടം ജനസമുദ്രമായി കാണപ്പെട്ടു. പുതിയതായി നിർമ്മിച്ച്, ഒരു മാസം‌മുൻപ് ഗൃഹപ്രവേശനം നടന്ന വീടാണ്. അന്ന് ചടങ്ങിൽ പങ്കെടുക്കാനായി വന്ന അദ്ധ്യാപകരെ നോക്കി അദ്ദേഹം പറഞ്ഞത് ഓർത്തുപോയി,
“ഒരു വീടെടുത്താൽ അകത്തുകയറി താമസിക്കുന്നത് പണി പൂർത്തിയായതിനു ശേഷമായിരിക്കണം. എത്ര ലോൺ എടുത്താലും അവിടെ താമസമാക്കിയിട്ട് പിന്നെ തൊഴിലാളികളെ അകത്തുകയറ്റരുത്”.
                   അങ്ങനെ വീടിന്റെ പണി പൂർത്തിയാക്കി താമസിച്ച് കൊതിതീരും‌മുൻപെ, വീട്ടിന്റെ നടും‌തൂണായ ഗൃഹനാഥനെയാണ് കാലൻ റാഞ്ചിയത്.
രംഗബോധമില്ലാത്ത കോമാളി ‘മരണം’ അനവസരത്തിൽ കടന്നുവന്ന് ഇവിടെ നടനം തുടരുകയാണ്.

                     പുതിയ വീട്ടിലെ നടുമുറിയിൽ നിദ്രയിലെന്നവണ്ണം കിടക്കുന്ന രാജുമാസ്റ്ററെ നോക്കി ഏറെനേരം നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. എപ്പോഴും ചിരിച്ചുകൊണ്ട് കാണപ്പെട്ട അദ്ദേഹത്തിന്റെ മുഖം കറുത്തിരുണ്ട് കാണപ്പെട്ടു.
                      ഭാര്യയുടെ, മക്കളുടെ, അമ്മയുടെ, ബന്ധുക്കളുടെ അനിയന്ത്രിതമായ കരച്ചിലിനിടയിലൂടെ ഞാൻ പുറത്തിറങ്ങി വരാന്തയുടെ ഒരുവശത്ത് നിന്നു. സഹപ്രവർത്തകർ ആരൊക്കെയോ ചുറ്റുപാടും ഉണ്ട്. മനസ്സിൽ നിറയെ രാജുമാസ്റ്ററെ കുറിച്ചുള്ള ചിന്തകളിൽ കാരണമുള്ള വേദനകൾ നിറയുകയാണ്.
.വിധി നൽകുന്ന വേദനകൾ ഇത്രയും വേദനിക്കുമോ?
.എത്രയെത്ര പ്രതീക്ഷകളാണ് തകർന്നത്?
.വിദ്യാർത്ഥികളായ മകനും മകളും ഭാര്യയുമൊത്ത് പുത്തൻ വീട്ടിൽ സന്തോഷത്തോടെ കഴിയുന്നത് കണ്ടപ്പോൾ വിധിക്ക് അസൂയ തോന്നിയിരിക്കാം.

                   സ്ക്കൂളിൽ ചേർന്ന ദിവസം മുതൽ രാജുമാസ്റ്ററെ ശ്രദ്ധിക്കാൻ കാരണം അദ്ദേഹത്തിന്റെ ബൈക്ക് യാത്രയാണ്. സ്ക്കൂളിൽ പോകുന്നതും വരുന്നതും ബൈക്കിൽ മാത്രം. നടൻ മോഹൻലാലിനെപ്പോലെ ഒരു വശത്ത് ചെരിഞ്ഞിരുന്ന്, വണ്ടിയിൽ വരുന്ന മാഷെ വിദ്യാർത്ഥിസമൂഹം അകലെവെച്ച്തന്നെ തിരിച്ചറിയും.
                   പലതും ചിന്തിച്ച് ആ വരാന്തയിൽ നിൽക്കുമ്പോഴാണ് മുറ്റത്ത് നിൽക്കുന്ന നമ്മുടെ ക്ലർക്ക് അഹമ്മദ്‌കുട്ടിയെ കണ്ടത്. എന്നെ ആഗ്യം‌കാണിച്ച് മുറ്റത്തേക്ക് വിളിച്ചു; അവിടെ അദ്ധ്യാപകരിൽ ചിലർ നിൽക്കുന്നുണ്ട്. സഹപ്രവർത്തകർ ഒന്നിച്ച്‌കൂടിയപ്പോൾ എല്ലാവരിലും അടക്കിനിർത്തിയ ദുഖം അണപൊട്ടി ഒഴുകി. ഓഫീസ്‌സ്റ്റാഫ് ഭാരതിയമ്മ തലയുയർത്താതെ പൊട്ടിക്കരയുകയാണ്. ആ അന്തരീക്ഷത്തിൽ വളരെ ചെറിയ ശബ്ദം പോലും ഉച്ചഭാഷിണിനിന്നും ഉയരുന്നതായി അനുഭവപ്പെട്ടു.

                    സംഭവം അറിഞ്ഞെത്തിയവരിൽ ഹെഡ്മാസ്റ്ററടക്കം പകുതിയോളം അദ്ധ്യാപകർ അവിടെയുണ്ട്. ഒരുമാസം മുൻപ് സ്ക്കൂളിൽ ജോയിൻ‌ചെയ്ത ഇംഗ്ലീഷ് ടീച്ചർ ‘ദർശന’ എന്നോട് രാജുമാസ്റ്ററെകുറിച്ച് പലതും ചോദിച്ചെങ്കിലും മറുപടികളെല്ലാം ഒറ്റവാക്കിൽ ഒതുക്കാൻ ശ്രമിച്ചു. പെട്ടെന്ന് അഹമ്മദ്‌ക്ക എല്ലാവരും കേൾക്കെ പറഞ്ഞു,
“എന്നാലും ഒരു രോഗവുമില്ലാത്ത നല്ലവനെയാണല്ലൊ പടച്ചോൻ പെട്ടെന്ന് വിളിച്ചത്; എന്നെപ്പോലുള്ള വയസന്മാരെയൊന്നും കാണുന്നില്ലല്ലൊ,,,”
“പെൻഷനാവാൻ ഒരുകൊല്ലം കൂടിയുണ്ടെന്ന്‌വെച്ച് അത്രക്കങ്ങ് വയസ്സായിപ്പോയോ?”
സാവിത്രിടീച്ചറുടെ മറുപടി എല്ലാവരും കേൾക്കെ ആയിരുന്നു.

                    പരിചയക്കാർ വരികയും പോവുകയും ചെയ്തുകൊണ്ടിരിക്കുന്ന മരണവീടും പരിസരവും ജനസമുദ്രമായി മാറിയിരിക്കുന്നു. അതിനിടയിൽ ഏതാണ്ട് അറുപത് കഴ്ഞ്ഞ ഒരാൾ ഞങ്ങൾക്കിടയിൽ വന്ന് അഹമ്മദ്‌ക്കയോട് ചോദിച്ചു,
“രാജു ജോലിചെയ്യുന്ന സ്ക്കൂളിലെ ഹെഡ്‌മാസ്റ്ററാണോ? ഒരു കാര്യം ചോദിക്കാനുണ്ട്”
“ഹെഡ്‌മാസ്റ്റർ ഞാനല്ല, ഇദ്ദേഹമാ”
                    ഒരു കസേരയിലിരുന്ന് കണ്ണുനീർ തുടക്കുന്ന ഹെഡ്‌മാസ്റ്ററെ ചൂണ്ടിക്കാട്ടി പറഞ്ഞപ്പോൾ ആ മനുഷ്യൻ നേരെ അങ്ങോട്ട് പോയി രാജുമാസ്റ്ററെ കുറിച്ച് അന്വേഷിച്ചശേഷം എന്തൊക്കെയോ പറഞ്ഞ്കൊണ്ട് തിരിച്ചുപോയി.
                    അകലെയുള്ള ബന്ധുക്കൾ മരണവീട്ടിലെത്തുമ്പോൾ വീട്ടുകാരുടെ കരച്ചിൽ കൂടിവരികയാണ്. വന്മരങ്ങൾ മറിഞ്ഞുവീണാൽ, ‘മുറിച്ചുമാറ്റപ്പെട്ടാൽ’ ആ വിടവ് വളരെക്കാലം നിലനിൽക്കും. കാലത്തിന്റെ കരങ്ങൾക്ക് അത്തരം വിടവുകൾ നികത്താൽ ഏറേക്കാലം വേണ്ടിവരും. ഒരു നിമിഷം, എന്റെ മനസ്സിൽ ആ വീട് മാത്രമല്ല, അദ്ദേഹം പഠിപ്പിച്ചിരുന്ന വിദ്യാലയവും അനാഥമായെന്ന തോന്നലുയർന്നു.

                      തോൽ‌വിയിലേക്ക് താണ്‌പോയ നമ്മുടെ ഹൈസ്ക്കൂളിലെ എസ്.എസ്.എൽ.സി. റിസൽട്ട് ഉയർത്തി, നമ്മുടെ മാനം രക്ഷിക്കാനുള്ള തീവ്രയത്നത്തിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നവരിൽ നേതൃസ്ഥാനത്ത് നിൽക്കുന്ന ആളായിരുന്നു രാജുമാസ്റ്റർ. വിദ്യാലയത്തിലെ ഓരോ അദ്ധ്യാപകരും അവിടെയുള്ള കെട്ടിടത്തെ താങ്ങുന്ന തൂണുകൾ പോലെയാണ്. ഏതെങ്കിലും ഒരു താങ്ങ് നഷ്ടപ്പെട്ടാൽ പകരം വെക്കാമെങ്കിലും അതൊരിക്കലും നഷ്ടപ്പെട്ടതിന് പകരമായി മാറുകയില്ലല്ലൊ. അതുപോലെയാണ് വീട്ടിലെയും അവസ്ഥ; ഗൃഹനാഥന്റെ മരണം ഭാര്യക്കും വിദ്യാർത്ഥികളായ രണ്ട് മക്കൾക്കും പരിഹരിക്കപ്പെടാനാവാത്ത നഷ്ടം തന്നെയാണ്.

ആ സമയത്ത് ഗെയിറ്റിനു മുന്നിൽ കാറ് നിർത്തി ഒരാൾ ഇറങ്ങിവരുന്നത് കണ്ടപ്പോൾ സാവിത്രിടീച്ചർ പറഞ്ഞു,
“നമ്മുടെ മാനേജറുടെ മകൻ വരുന്നുണ്ട്, എഴുന്നേറ്റ് ബഹുമാനിക്കാത്തവർ നോട്ടപ്പുള്ളികളാവും”
“നമ്മൾ ടീച്ചേർസ് എന്തിന് എഴുന്നേൽക്കണം? അവനാണെങ്കിൽ നമ്മെക്കാൾ പ്രായം കുറഞ്ഞവനാ”
അവന്റെ പരിഷ്ക്കാരങ്ങൾ പണ്ടേ എതിർക്കുന്ന ഞാൻ പറഞ്ഞു. ‘ലീവ്‌ലെറ്ററും ടീച്ചിംഗ് നോട്ടും മാനേജരെ കൂടി കാണിച്ച് ഒപ്പ് വാങ്ങണമെന്ന്’, പറഞ്ഞാൽ എങ്ങനെ എതിർക്കാതിരിക്കും?

                   ശരിക്കുള്ള മാനേജർ, ഞങ്ങളെ നിയമനം നടത്തിയ ആൾക്ക് പ്രായമേറിയതിനാൽ സ്ക്കൂൾ കാര്യങ്ങളൊക്കെ നോക്കിനടത്തുന്നത് ചെറുപ്പക്കാരനായ ഇളയ മകനാണ്. മാനേജറുടെ നാല് മക്കളിൽ നന്നായി പഠിക്കുന്ന മൂന്ന്‌പേർക്ക് സർക്കാർ ജോലി കിട്ടിയതിനാൽ, അച്ഛന്റെ കാലശേഷം ‘ഹൈസ്ക്കൂൾ മാനേജർ സ്ഥാനം’, പത്താം തരം തോറ്റ് ജോലിയില്ലാതെ നടക്കുന്ന ഇളയമകന് നൽകാൻ തീരുമാനിച്ചിരിക്കയാണ്. അതിന്റെ ഒരു ഗമയും ഭാവവും അദ്ധ്യാപകരുടെ ഇടയിൽ കാണിച്ച് ഷൈൻ‌ചെയ്യാനുള്ള ഒരവസരവും അവൻ വിടാറില്ല. ആനയെക്കാൾ ആനപാപ്പാനെ ബഹുമാനിക്കണം എന്ന് ഉറച്ചു വിശ്വസിക്കുന്ന, അഹങ്കാരത്തിന് കൈയും കാലും വെച്ചതുപോലുള്ള ഇരുക്കാലിമൃഗം.
ശമ്പളം തരുന്നത് ഗവൺ‌മേന്റ് ആണെങ്കിലും ലക്ഷങ്ങൾ വാങ്ങി അദ്ധ്യാപകരെ നിയമിക്കുന്നത് മാനേജർ ആണല്ലൊ!

                 അടുത്തെത്തിയപ്പോൾ ഞാനും ഹെഡ്‌മാസ്റ്ററും ഒഴികെ എല്ലാവരും പെട്ടെന്ന് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റെങ്കിലും മാനേജർ മകൻ അവഗണിച്ചു. മറ്റൊരു ചെറുപ്പക്കാരനോട് സംസാരിച്ചുകൊണ്ട് നടന്നുവരുന്ന പ്രതിശ്രുതമാനേജർ നേരെ ഹെഡ്‌മാസ്റ്ററുടെ സമീപം പോയി ശബ്ദം ഉയർത്തി ചോദിച്ചു,
“ഈ മരിച്ച രാജു എന്താണ് പഠിപ്പിക്കുന്നത്?”
“കണക്ക്”
മാനേജർ ഉടനെ കൂടെയുള്ളവനെ നോക്കി അവനോട് പറഞ്ഞു,
“നിന്റെ ഭാര്യ കണക്ക് ടീച്ചറാണെങ്കിലും ഇപ്പോൾ രക്ഷയില്ല; ഇന്ന് രാവിലെതന്നെ ഒരുത്തൻ വീട്ടില് വന്ന് അഡ്‌വാൻസ് തന്ന് അഗ്രിമെന്റിൽ ഒപ്പിട്ടുപോയി. ഇന്നലെ വന്നിരുന്നെങ്കിൽ ജോലി ഒറപ്പിക്കാമായിരുന്നു,,,”
“ഇന്നലെയോ?!!! സാറ് ആവശ്യപ്പെടുന്ന പണം മുഴുവൻ ഇപ്പോൾ‌തന്നെ തരാം, സാറ് വാങ്ങിയ അഡ്‌വാൻസ് മടക്കികൊടുത്താൽ പോരെ?”
അവൻ കരയുന്ന മട്ടിൽ അപേക്ഷിക്കുകയാണ്.
“അതൊന്നും ശരിയാവില്ല; പിന്നെ പണം ഉണ്ടെങ്കിൽ ഇപ്പോൾ‌തന്നെ തരാൻ മടിക്കേണ്ട, എന്റെ സ്ക്കൂളിൽ ഇനിയും ടീച്ചേർസ് ഉണ്ട്; എപ്പൊഴാ ഒഴിവ് വരുന്നതെന്ന്, അറിയാൻ പറ്റില്ലല്ലൊ”
ഞങ്ങൾ അദ്ധ്യാപകരെ നോക്കി മാനേജർ‌മകൻ കൂടെയുള്ളവനോട് പറഞ്ഞു.
                  അവർ നടന്നു നീങ്ങിയപ്പോൾ പുതിയതായി സ്ക്കൂളിൽ ചേർന്ന ദർശന എന്നെനോക്കി പതുക്കെ പറഞ്ഞു,
“ ടീച്ചറെ ആ മനുഷ്യൻ പറയുന്നത്?”
അവൾ ചോദ്യം പൂർത്തിയാവുന്നതിന് മുൻപ് ഞാൻ പറഞ്ഞു,
“അതാണ് കഴുകൻ,,, മരണത്തെ കാത്തിരിക്കുന്ന കഴുകൻ”

9/5/10

തുറക്കാത്ത കുപ്പിയിലെ മരുന്ന്

                രാവിലെ ഇഡ്ഡ്‌ലിയും ചായയും കഴിക്കുമ്പോൾ നാരായണി ടീച്ചർ, ഭർത്താവ് നാരായണൻ മാസ്റ്റരോട് ഒരു വലിയകാര്യം പറഞ്ഞു,
“എനിക്ക് ഒരു ചെറിയ തലവേദന,,”
അത്‌കേട്ട് ഒന്ന് ഞെട്ടിയതോടെ അദ്ദേഹം കഴിച്ച ഭക്ഷണമെല്ലാം ഒരുനിമിഷം‌കൊണ്ട്തന്നെ ദഹിച്ചു. മാസ്റ്ററുടെ റിട്ടയേർഡ് തലയിൽ പലതരം ചിന്തകൾ ഫ്ലാഷ് ചെയ്യാൻ തുടങ്ങി.

                   മാസ്റ്റർ ചിന്തിച്ചത് അദ്ദേഹത്തെകുറിച്ച് തന്നെയായിരുന്നു. ‘അവൾ നാരായണി കൂടെയില്ലെങ്കിൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ല’ എന്ന പരമസത്യം മനസ്സിൽ വേട്ടയാടാൻ തുടങ്ങി. ഇപ്പോൾ അങ്ങനെയാണ്; ഒരു ചെറിയ പോറൽ കണ്ടാൽ ഉടനെ ചിന്തകൾ കാടുകയറും. പ്രായം കൂടും‌തോറും ജീവതസൌകര്യങ്ങൾ കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നു. അവരുടെ ദാമ്പത്യവല്ലരി പൂത്തെങ്കിലും കായ്ക്കാത്തതു കൊണ്ട് ‘നിനക്ക് ഞാനും എനിക്ക് നീയും’ മാത്രമായി ജീവിക്കുന്നവരാണ് നാരായണി നാരായണന്മാർ.
“അപ്പോൾ ഇന്നുതന്നെ നമുക്ക് ഒരു ഡോക്റ്ററെ കാണാൻ പോകാം”
പെൻഷനായെങ്കിലും, ചർമ്മം കണ്ടാൽ പ്രായം തോന്നത്ത ടീച്ചറുടെ മുഖം‌നോക്കി മാസ്റ്റർ പറഞ്ഞു.
“ഓ അതൊന്നും ഒരു പ്രശ്നമല്ല; ഇത് ഒരു തലവേദനയല്ലെ. അത് പതുക്കെ തനിയെ മാറും”
“നിനക്ക് അങ്ങനെയൊക്കെ പറയാം. പിന്നെ രോഗം പരമാവധി വർദ്ധിച്ച് കഴിഞ്ഞാണോ ഡോക്റ്ററെ കാണേണ്ടത്? വേഗം ഡ്രസ്സ് മാറ്റി വന്നാട്ടെ; പെട്ടെന്ന്‌തന്നെ നമുക്ക് ഡോക്റ്ററെ കാണാം”
സ്വന്തം ഭർത്താവ് പറയുന്നത് സ്വന്തം ഭാര്യ അനുസരിക്കണം.

                     നാട്ടിൽ പനിയുടെ ആഘോഷം കഴിഞ്ഞത് കൊണ്ടായിരിക്കാം; ഡോക്റ്ററുടെ ക്ലിനിക്കിൽ വലിയ തിരക്കില്ല. അത്കൊണ്ട് പുതിയ ഇരയെ കിട്ടിയ സന്തോഷത്തോടെ ഡോക്റ്റർ വിശദമായി പരിശോധിച്ചു. പിന്നീട് മെഡിക്കൽ ഷാപ്പുകാർക്ക് മാത്രം മനസ്സിലാവുന്ന ഭാഷയിൽ അത്യന്താധുനിക കാർട്ടൂൺ വരച്ചിട്ടശേഷം ആ കടലാസ് കൈയിൽ കൊടുത്ത് മാസ്റ്ററെ നോക്കി പറഞ്ഞു,
“ഇത് കഴിച്ചാൽ മതി. കുഴപ്പമൊന്നും ഇല്ല; ഒരു സിറപ്പ് മാത്രമാണ്”
പണം കൃത്യമായി എണ്ണിക്കൊടുത്ത് പുറത്തിറങ്ങി, അടുത്തുള്ള മെഡിക്കൽ‌ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി അവർ വീട്ടിലെത്തി.

                           വീട്ടിലെത്തിയ ശേഷം നാരായണി ടീച്ചർ സന്തോഷവതിയായി കാണപ്പെട്ടു. അവർ മാസ്റ്ററോട് പറഞ്ഞു,
“ഇപ്പോൾ എന്റെ തലവേദന വളരെ കുറഞ്ഞു”
“അപ്പോൾ ഡോക്റ്ററെ കണ്ടാൽ മാറുന്ന തലവേദന ആയിരിക്കും. പിന്നെ ആ മരുന്ന് കഴിക്കാൻ മറക്കേണ്ട. ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ ഒരു സ്പൂൺ കഴിച്ചാൽ മതി; മറന്നുപോകരുത്”
“അതെങ്ങനെ മറക്കാനാണ്?”
അങ്ങനെ പറഞ്ഞുകൊണ്ട് ടീച്ചർ അടുക്കളയുടെ ലോകത്തിലേക്ക് കടന്നു. അതോടെ തലവേദനയെ പൂർണ്ണമായി മറന്നു.

                      ഉച്ചയുറക്കവും ഈവിനിങ്ങ് വാക്കും കഴിഞ്ഞ് നാരായണൻ മാസ്റ്റർ വീട്ടിൽ വന്നപ്പോൾ ടീച്ചർക്ക് വീണ്ടും തലവേദന തുടങ്ങി. മാസ്റ്റർ സംശയം ചോദിച്ചു,
“നീയാ മരുന്ന് കഴിച്ചില്ലെ? എങ്ങനെയുണ്ട്?”
                        ടീച്ചർ ഞെട്ടി; മരുന്ന് കഴിക്കേണ്ട കാര്യം ഇപ്പോൾ ഭർത്താവ് പറഞ്ഞപ്പോൾ മാത്രമാണ് ഓർക്കുന്നത്, കഴിച്ചില്ലെന്ന് പറഞ്ഞാൽ വഴക്ക് പറയുന്നത് കേൾക്കാൻ വയ്യ; അപ്പോൾ,,, പിന്നെ…
“ഞാനതിൽ നിന്ന് ഒരു സ്പൂൺ കുടിച്ചു, വല്ലാത്ത കയ്പ്”
“എന്നാൽ രാത്രി കൂടി കഴിച്ചാൽ തലവേദന മാറും”

                            രാത്രി ഭക്ഷണം കഴിഞ്ഞപ്പോൾ നാരായണി ടീച്ചർ സിറപ്പിന്റെ കുപ്പി എടുത്ത് നന്നായി ഒന്ന് കുലുക്കിയശേഷം തുറക്കാൻ തുടങ്ങി. അവർ എത്ര ശ്രമിച്ചിട്ടും അതിന്റെ അടപ്പ് ഊരാൻ കഴിയുന്നില്ല. പതിവുപോലെ തന്നാൽ കഴിയാത്ത കാര്യം ഭർത്താവിനെ ഏല്പിച്ച് പറഞ്ഞു,
“അതെയ് ഇതിന്റെ ഈ മരുന്നിന്റെ അടപ്പൊന്ന് തുറന്ന് താ; ഞാനെത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല”
“അപ്പോൾ തുറക്കാത്ത, സീല് പൊട്ടിക്കാത്ത കുപ്പിയിലെ മരുന്നെങ്ങിനെയാ നിനക്ക് കയ്പായത്?”
അതുകേട്ട് നാരായണി ടീച്ചർ ഞെട്ടിയപ്പോൾ നാരായണൻ മാസ്റ്റർക്ക് കുറേശ്ശെ കയ്പ് അനുഭവപ്പെടാൻ തുടങ്ങി.

അറിയിപ്പ്:
... ഈ കഥ മുൻപ് മറ്റൊരിടത്ത് പോസ്റ്റ് ചെയ്തതാണ്. ഇപ്പോൾ എന്റെ സ്വന്തം തട്ടകത്തിൽ പോസ്റ്റ് ചെയ്യുന്നു.
... നാരായണി നാരായണന്മാരുടെ വ്യത്യസ്ഥമാം ഒരു നർമ്മകഥ വായിക്കാൻ...
ഇവിടെ  തുറക്കുക

8/23/10

പ്രതീക്ഷകൾ പൂവണിഞ്ഞ തിരുവോണസന്ധ്യ

                    പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ അസ്തമിച്ചെങ്കിലും കുഞ്ഞമ്മയുടെ പ്രതീക്ഷകൾ‌ ഇനിയും അസ്തമിച്ചില്ല. അവർ ഇപ്പോഴും ഉറച്ച് വിശ്വസിക്കുകയാണ്,
‘അവൻ വരും, ലോകത്തിന്റെ ഏത് കോണിലായാലും ഈ തിരുവോണനാളിൽ അമ്മയെകാണാനായി മകൻ വരും’

                  വർഷങ്ങളായി ആ അമ്മ മകനുവേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. അവരുടെ ആത്മാവിൽ അലിഞ്ഞുചേർന്ന്, നിത്യജീവിതത്തിന്റെ ഭാഗമായി ഈ കാത്തിരിപ്പ് രൂപാന്തരപ്പെട്ടിരിക്കയാണ്. ശപിക്കപ്പെട്ട ഒരു മുഹൂർത്തത്തിൽ ജോലിതേടി നാടുവിട്ട, തന്റെ ഒരേയൊരു മകൻ; അവനെ കാത്തിരിക്കാൻ വിധിക്കപ്പെട്ടവളാണല്ലൊ ഈ അമ്മ. എന്നും ഒരുപിടി അരിയുടെ ചോറ്, അവനായി പാത്രത്തിൽ കരുതുമ്പോൾ ഒപ്പം ഹൃദയം നിറയെ സ്നേഹവും അവനായി എന്നും സൂക്ഷിക്കുന്നവൾ.

           തിരുവോണദിവസം അതിരാവിലെ ഉണർന്ന കുഞ്ഞമ്മ മുറ്റത്ത് പൂക്കളം ഒരുക്കി. വേലികൾക്കിടയിൽ‌നിന്ന് അരിപ്പൂ, കോളാമ്പിപ്പൂ തുടങ്ങിയവയും തൊടിയിലെ കാട്ടുചെടികൾക്കിടയിൽ‌നിന്ന് മുക്കുറ്റിയും തുമ്പപ്പൂവും കാക്കപൂവും കാശിത്തുമ്പയും തൊട്ടാവാടിപൂവും ഒക്കെച്ചേർന്ന് സുന്ദരമായ പൂക്കളം.

           പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും പിന്നീട് അടുക്കളത്തഴമ്പാർന്ന കൈകൾ‌കൊണ്ട് സദ്യ ഒരുക്കാനുള്ള തിരക്കിലായിരുന്നു. നല്ല കുത്തരിച്ചോറും സാമ്പാറും ഓലനും കാളനും എരിശ്ശേരിയും ഇഞ്ചിക്കറിയും അച്ചാറും മെഴുക്കുപുരട്ടിയും പപ്പടവും പായസവും അങ്ങനെ അനേകം വിഭവങ്ങൾ. എല്ലാം തയ്യാറാക്കി, ഏറെനേരം അവനായി കാത്തിരുന്ന് വിശന്നപ്പോൾ അല്പം ചോറും സാമ്പാറും എടുത്ത് കഴിച്ചെങ്കിലും അവരുടെ മനസ്സിന്റെ വിശപ്പ് ഇത്തിരിയെങ്കിലും മാറിയില്ല.
മകൻ കൂടെയില്ലാതെ അമ്മക്കുമാത്രമായി എന്തിനീ ഓണം?,,,

                  തിരുവോണസന്ധ്യ കഴിഞ്ഞിട്ടും കുഞ്ഞമ്മ പ്രതീക്ഷകൾ കൈവിട്ടില്ല. അവർ കണക്കുകൂട്ടി; ഇങ്ങനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് പതിനേഴ് കൊല്ലവും നാല് മാസവും ഒൻപത് ദിവസവും കഴിയാറായി. അവനില്ലാതെയുള്ള പതിനേഴാം ഓണം. ഏത് നിമിഷവും മകൻ പടികടന്ന് വരുമെന്ന് ചിന്തിക്കുന്നതിനാൽ ഏകാന്തതയുടെ വേവലാതിയൊന്നും അവർക്കില്ല. തൊട്ടടുത്ത വീടുകളിലെ അടുക്കളയിൽ ജോലിചെയ്ത് കിട്ടുന്ന വരുമാനം‌കൊണ്ട് ജീവിക്കുന്നവളാണ്, നാട്ടുകാർ കുഞ്ഞമ്മയെന്ന് വിളിക്കുന്ന ആ അമ്മ. പ്രായത്തിന്റെ അവശതകൾ ശരീരത്തെ അല്പം തളർത്തിയെങ്കിലും തളരാത്ത എപ്പോഴും ഉണർന്നിരിക്കുന്ന മനസ്സിന്റെ ഉടമയാണവർ.

             അഞ്ച്‌തിരിയിട്ട നിലവിളക്ക് കത്തിച്ച് ഉമ്മറത്തിരുന്ന് പ്രാർത്ഥിച്ചശേഷം ശോഷിച്ച വിരലുകളാൽ വിളക്കിൽ‌നിന്നും ഒരു തിരിയെടുത്ത് തുളസിത്തറയിൽ വെച്ചു. തിരികെവന്ന് വിളക്കെടുത്ത് അകത്തെമുറിയിലെ ഉണ്ണികൃഷ്ണനുമുന്നിൽ വെച്ച് പ്രാർത്ഥിച്ചശേഷം കത്തുന്ന തിരികൾ എണ്ണയിൽമുക്കി അണച്ച്, ചുമരിലെ സ്വിച്ച് ഓൺ ചെയ്തതോടെ അകത്ത് പ്രകാശം പരന്നു.
… പെട്ടെന്ന് കുഞ്ഞമ്മക്ക് ഒരു സംശയം,
… വെറുതെ തോന്നിയതാണോ?
… കട്ടിലിന്റെ മറുവശത്ത് ചുവട്ടിൽ ആരോ ഇരിക്കുന്നതു പോലൊരു തോന്നൽ
… അതെ,, ആ മുറിയിൽ അവരെക്കൂടാതെ ആരോ ഉണ്ടെന്ന ചിന്ത അവരിൽ ഞെട്ടലുളവാക്കി.
… പേടിച്ച് നിലവിളിക്കാൻ തുടങ്ങിയ കുഞ്ഞമ്മ ഒളിച്ചിരിക്കുന്നവനെ ഒരുനോക്ക് കണ്ടപ്പോൾ ഒരുനിമിഷം നിശ്ചലമായി.

                ഉള്ളിൽ‌നിന്നും ഉയർന്ന അജ്ഞാതമായ ഒരു വികാരം പെട്ടെന്ന് അവരെ കീഴ്പ്പെടുത്തി;
‘അത് അവനല്ലെ? ഇന്ന് രാവിലെയും വർഷങ്ങൾ‌ചേർത്ത് ഗുണിച്ചും ഹരിച്ചും മനസ്സിൽ രൂപപ്പെടുത്തിയ തന്റെ മകന്റെ രൂപമാണല്ലൊ, അവിടെ ഒളിച്ചിരിക്കുന്നത്! പണ്ടേ അവനിങ്ങനെയാണ്, അമ്മയെ കളിപ്പിക്കാനായി ഒളിച്ചിരിക്കും’
… ഇടറിയ ശബ്ദത്തിൽ കുഞ്ഞമ്മ അവനെ വിളിച്ചു,
“മോനേ?”
അവൻ പതുക്കെ എഴുന്നേറ്റ് നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. സന്തോഷം‌കൊണ്ട് വീർപ്പുമുട്ടിയ കുഞ്ഞമ്മ അവനോട് പറഞ്ഞു,
“മോനേ നീയിങ്ങ് വാ, നിനക്ക് ഞാൻ ചോറ് തരട്ടെ. എല്ലാം തയ്യാറാക്കി അടച്ചുവെച്ചിരിക്കയാ”
അവൻ പതുക്കെ തലയുയർത്തി ചുവന്ന കണ്ണുകളാൽ ആ അമ്മയെ തുറിച്ചുനോക്കി. മറുപടിയായി ഒരക്ഷരം‌പോലും പറഞ്ഞില്ലെങ്കിലും അവനെനോക്കി കുഞ്ഞമ്മ വീണ്ടും പറയാൻ തുടങ്ങി,
“അമ്മയെ തനിച്ചാക്കി പോയതിന് മോനോട് ഒരു പിണക്കവും ഇല്ല; ഇതാ ഞാൻ ചോറ് വിളമ്പാൻ പോവുകയാ”

                 വീട്ടിനുള്ളിൽ അവനെങ്ങനെ കടന്നുകൂടിയെന്ന് ചിന്തിക്കാനിടം നൽകാതെ അവർ നേരെ അടുക്കളയിൽപോയി ആവേശപൂർവ്വം ഭക്ഷണം വിളമ്പാൻ തുടങ്ങി. ഇരിക്കാനായി നിലത്ത്‌വെച്ച പലകയുടെ മുന്നിൽ വാഴയില നിവർത്തിയിട്ട് ചോറ് വിളമ്പി. പിന്നീട് കറികൾ ഓരോന്നായി ഒഴിക്കാൻ ആരംഭിച്ചപ്പോഴേക്കും, അജ്ഞാതമായ ഏതോ ഒരു വികാരത്തിനടിമയായി ലക്ഷ്യം നിറവേറ്റാൻ അടുക്കളയിലെത്തിയ അവൻ, ആ അമ്മയെയും മുന്നിലുള്ള ചോറിനെയും നോക്കി.
… ‘വിശക്കുന്നവൻ മറ്റൊന്നും ഓർക്കാതെ മുന്നിലുള്ള ഭക്ഷണം കഴിക്കുന്നത് മനുഷ്യസഹജമാണല്ലൊ’.
                അച്ചാറും തൈരും വിളമ്പിക്കഴിയുമ്പോഴേക്കും വെറും നിലത്തിരുന്ന് ആർത്തിയോടെ ചോറ് വാരിത്തിന്നുന്ന അവനെ ആ അമ്മ നോക്കിനിന്നു. ഒന്നിന്റെയും രുചിനോക്കാതെ താൻ വിളമ്പിയ ചോറ് തിന്നുന്ന അവനെ കൺ‌നിറയെ കണ്ട് ആ അമ്മ ആത്മസംതൃപ്തിയണഞ്ഞു. എത്രയോ ദിവസങ്ങളായി വിശന്ന് ആർത്തിപൂണ്ട അവന് ഉണ്ണാനായി അവർ വീണ്ടും വീണ്ടും ചോറ് വിളമ്പിക്കൊടുത്തു.

                  വിശപ്പ് മാറിയ അവൻ തിരികെവന്ന് കട്ടിലിൽ കയറിയിരുന്നു. സമീപം നിൽക്കുന്ന ആ അമ്മ അവനെ കൺ‌നിറയെ നോക്കി,
“ മോൻ അമ്മയെ മറന്നിട്ടില്ല, ഇത്രയും‌നാൾ എന്റെമോൻ എവിടെയായിരുന്നു?”
“ഞാൻ പലയിടത്തും പോയി; അതൊക്കെ ചോദിക്കാൻ നിങ്ങളാരാ?”
അവന്റെ വാക്കുകൾ കുഞ്ഞമ്മയെ ഞെട്ടിച്ചെങ്കിലും മറുപടി മറ്റൊന്നായിരുന്നു,
“നീ ആരായാലും എന്റെ നാടുവിട്ടുപോയ മകൻതന്നെയാ, ഇന്ന് തിരുവോണമായിട്ട് വീട്ടില് വന്ന എന്റെ മോൻ, ഇനി ഒരിടത്തും പോകണ്ട. ഇവിടെയുള്ളതെല്ലാം നിനക്കുള്ളതാ”
അവർ പലതും പറഞ്ഞെങ്കിലും മറുപടിയൊന്നും പറയാത്ത അവൻ, ഒടുവിൽ അമ്മയുടെ പ്രായാധിക്യം ബാധിച്ച കണ്ണുകളിൽ നോക്കി അവരെ വിളിച്ചു,
“അമ്മേ”
ആ വിളി കുഞ്ഞമ്മയുടെ ദേഹമാസകലം കുളിര് കോരിയിട്ടു, ജീവിതത്തിലെ നിർണ്ണായകമായ നിമിഷങ്ങൾ...

രാത്രി വൈകിയപ്പോൾ കുഞ്ഞമ്മ പറഞ്ഞു,
“മോൻ ഒന്നും പറയെണ്ട, സമാധാനമായി ഉറങ്ങിക്കൊ; എല്ലാം നാളെപ്പറയാം”
                ആകെയുള്ള ഒരു കട്ടിലിൽ കിടക്കവിരിച്ച് അവനെ ഉറങ്ങാൻ‌വിട്ടശേഷം അടുക്കളയിൽ പായവിരിച്ച് കിടന്നെങ്കിലും, ഉറക്കത്തെ അകറ്റിനിർത്തി മനോഹരങ്ങളായ സ്വപ്നങ്ങൾ കാണുന്ന കുഞ്ഞമ്മ പുലരാനായപ്പോൾ മാത്രം അല്പം ഉറങ്ങി.
...
… തിരുവോണപ്പിറ്റേന്ന്
… കുഞ്ഞമ്മ ഉണർന്നത് അയൽ‌വാസികളുടെ വിളികേട്ടാണ്. വാതിൽ‌തുറന്ന് പുറത്തുവന്ന കുഞ്ഞമ്മയെ കണ്ടപ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പുകളോടെ നാട്ടുകാർ പറഞ്ഞു,
“എട്ട് മണിയായിട്ടും വാതില് തുറക്കാത്തപ്പോൾ നമ്മളാകെ പേടിച്ചുപോയി; നാല് പേരെ കൊന്ന ഒരുത്തൻ ഇന്നലെ ജയില് ചാടിയിട്ട് ഈ പ്രദേശത്തെവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്ന് പറഞ്ഞ് രാവിലെമുതൽ പോലീസുകാർ അരിച്ചു പെറുക്കുകയാ. കുഞ്ഞമ്മ ഇന്നലെ രാത്രി എന്തെങ്കിലും ഒച്ച കേട്ടിരുന്നോ?”
അവർ ‘ഇല്ല’ എന്ന അർത്ഥത്തിൽ തലയാട്ടിയശേഷം പെട്ടെന്ന് അകത്തേക്ക് പോയി. അവിടെയുള്ള കിടക്കയിൽ ആരെയും കണ്ടില്ല. തുടർന്ന് അകം മുഴുവൻ നോക്കി.
… എല്ലായിടവും ശൂന്യം.
… അപ്പോൾ ഇന്നലെ വന്ന തന്റെ മകൻ?

മനസ്സിൽ ഉയർന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പരിശ്രമിക്കുന്ന കുഞ്ഞമ്മ, പുറത്ത് നിൽക്കുന്ന നാട്ടുകാർ പറയുന്നത് കേട്ടു,
“രാത്രിയിൽ, ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽക്കയറിവന്ന്, അവരെ ഇരുമ്പ്‌വടികൊണ്ട് തലക്കടിച്ച് കൊല്ലുന്നവനാണ് ജയിലുചാടിയത്. അതുകൊണ്ട്  കുഞ്ഞമ്മ രാത്രിയിൽ ഇവിടെ ഒറ്റക്ക് കഴിയുന്നത് അപകടമാ”

... തലേദിവസം രാത്രി വന്നവനെ കണ്ടെത്താൻ കുഞ്ഞമ്മ വീടിന്റെ അകം മുഴുവൻ ഒന്നുകൂടി അന്വേഷിച്ചു,
… ഒടുവിൽ കുഞ്ഞമ്മ അത്‌മാത്രം കണ്ടെത്തി,,,
… അവൻ കിടന്ന കിടക്കയിൽ തലയിണയുടെ അടിയിലായി ഉപേക്ഷിച്ചിരിക്കുന്നു;
... നീളം കുറഞ്ഞ, വണ്ണം കൂടിയ, ... ഇരുമ്പ്‌വടി.